മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ആഴ്ചയില്‍ 5 ദിവസം മാത്രം ജോലി

മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ആഴ്ചയില്‍ അഞ്ചു ദിവസം മാത്രം ജോലി. ഫെബ്രുവരി 29 മുതല്‍ ഇതു നടപ്പാക്കാനാണ് തീരുമാനം. എന്നാല്‍, ജീവനക്കാര്‍ ദിവസം 45 മിനിറ്റ് കൂടുതല്‍ ജോലി ചെയ്യേണ്ടി വരും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ പുതിയ തീരുമാനമെടുത്തത്.

എന്നാല്‍ പൊലീസ്, ഫയര്‍ ബ്രിഗേഡ്, ഗവ. കോളജുകള്‍, പോളിടെക്‌നിക് കോളജുകള്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്കു പുതിയ സമയക്രമം ബാധകമല്ല.

നിലവില്‍ മുംബൈയില്‍ രാവിലെ 9.45 മുതല്‍ വൈകുന്നേരം 5.30 വരെയും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5.45 വരെയുമായിരുന്നു ജോലി സമയം. ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള 30 മിനിറ്റ് ഉള്‍പ്പെടെയാണിത്.

പുതിയ ക്രമമനുസരിച്ച് രാവിലെ 9.45 മുതല്‍ വൈകുന്നേരം 6.15 വരെയാണു ജോലിസമയം. ഉച്ചയ്ക്ക് ഒന്നിനും രണ്ടിനുമിടയില്‍ 30 മിനിറ്റ് ഉച്ചഭക്ഷണത്തിന് അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 20 ലക്ഷത്തോളം ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

Top