mumbai model held for crying bomb just before boarding flight for delhi

മുംബൈ: സുഹൃത്തിന്റെ ബാഗില്‍ ബോംബുണ്ടെന്നു പറഞ്ഞ് പരിഭ്രാന്തി പരത്തിയ മോഡലിങ് താരത്തെ മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു.

മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സുഹൃത്തുക്കളെ കുടുക്കാന്‍ തമാശയ്ക്കാണ് മുംബൈ മോഡല്‍ കന്‍ചന്‍ താക്കൂര്‍ ബോംബുണ്ടെന്നു പറഞ്ഞത്. എന്നാല്‍ ഇതു വിമാനത്താവളത്തില്‍ പരിഭ്രാന്തിക്ക് ഇടയാക്കി. തുടര്‍ന്ന് കന്‍ചനെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിക്കു പോകാനാണ് കന്‍ചനും സുഹൃത്തുക്കളും മുംബൈ വിമാനത്താവളത്തിലെത്തിയത്. ആദ്യം ബോര്‍ഡിങ് ഗേറ്റ് കടന്നത് കന്‍ചനായിരുന്നു.

വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ച കന്‍ചന്‍ സുഹൃത്തുക്കളുടെ പരിശോധന നടക്കുന്നതിനിടെ അവരുടെ ബാഗില്‍ ബോംബുണ്ടെന്നും വിശദമായി പരിശോധിക്കണമെന്നും പറഞ്ഞു. ഉടന്‍തന്നെ സെക്യൂരിറ്റി ജീവനക്കാര്‍ എയര്‍പോര്‍ട്ട് അധികൃതരെയും സിഐഎസ്എഫിനെയും വിവരമറിയിച്ചു.

പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം കന്‍ചന്‍ ഉള്‍പ്പെടെയുള്ളവരെ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയും യാത്രാനുമതി റദ്ദാക്കുകയും ചെയ്തു. ബാഗില്‍ ബോംബുണ്ടെന്ന് തമാശയ്ക്കാണ് പറഞ്ഞതെന്നു കന്‍ചന്‍ വ്യക്തമാക്കിയെങ്കിലും അധികൃതര്‍ കാര്യമാക്കിയില്ല. പ്രശ്‌നങ്ങളെ തുടര്‍ന്ന് വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് യാത്ര പുറപ്പെട്ടത്.

വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തിയതിനാണ് കന്‍ചനെതിരെ കേസെടുത്തിരിക്കുന്നത്.

മൂന്നുവര്‍ഷത്തോളം തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് കന്‍ചന്റെ പേരില്‍ ചുമത്തിയിരിക്കുന്നത്.

Top