മുംബൈ മാരത്തോണ്‍; ഫിനിഷ് ലൈനില്‍ ബാംഗ്ലൂര്‍ സ്വദേശി കുഴഞ്ഞ് വീണു

Marathon

മുംബൈ: മുംബൈ ഹാഫ് മാരത്തോണില്‍ പങ്കെടുത്ത ബാംഗ്ലൂര്‍ സ്വദേശി മുപ്പതുകാരന്‍ ഫിനിഷിംഗ് ലൈനില്‍ കുഴഞ്ഞു വീണു. പ്രോമോദ് സിങ്ങ് ഗിറാസ് എന്ന മുപ്പതുകാരനാണ് കുഴഞ്ഞ് വീണത്. 21 കിലോമീറ്റര്‍ ദൂരം താണ്ടി, ഫിനഷിങ്ങ് ലൈന്‍ കഴിഞ്ഞതിനു ശേഷമാണ് യുവാവ് കുഴഞ്ഞ് വീണത്.

ഫിനിഷിങ്ങ് ലൈന്‍ കഴിഞ്ഞപ്പോള്‍ തന്നെ തനിക്ക് വയ്യെന്ന് പറഞ്ഞ് പ്രോമോദ് സിങ്ങ് ഗിറാസ് നടപ്പാതയില്‍ ഇരുന്നിരുന്നു. തുടര്‍ന്നാണ് ബോധമറ്റ് വീണത്. തുടര്‍ന്ന് ഗിറാസിനെ ബോംബെയിലെ മറൈന്‍ലൈന്‍ ആശുപത്രയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയിരുന്നെങ്കിലും യുവാവിന്റെ നില വഷളായിരുന്നു. തുടര്‍ന്ന് വിദഗ്ധ ചിക്തസയ്ക്കായി ഐസിയുവിലേക്ക് മാറ്റി. യുവാവിന്റെ നില ഗുരുതരവും, ക്രിട്ടിക്കലുമാണെന്ന് ഡോക്ടര്‍ അറിയിച്ചു.

ഗിറാസിന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ ആരും തന്നെ കൂടെ ഉണ്ടായിരുന്നില്ല. ഗിറാസിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ബന്ധുക്കളുമായി ആശയവിനിമയം നടത്താന്‍ ഡോക്ടര്‍മാരും, മാരത്തോണ്‍ അധികൃതരും ശ്രമം നടത്തുന്നുണ്ട്.

അതേസമയം, മാരത്തോണില്‍ പങ്കെടുത്ത മറ്റൊരാള്‍ക്കു കൂടി പക്ഷാഘാതം പിടിപെടുകയും, ഒരു ഭാഗം തളര്‍ന്നു പോവുകയും ചെയ്തതായി ഡോക്ടര്‍ അറിയിച്ചു. 44-കാരനായ ഇദ്ദേഹവും ബോധമില്ലാതെ കിടക്കുകയാണ്.

ബിസ്‌നസുകാരനായ സുകേഷ് കാബ്രയാണ് തളര്‍ന്നു കിടപ്പിലായത്. ഓടിയെത്തിയിതിനു ശേഷം സംസാരിക്കുന്നതിനിടെ ഛര്‍ദ്ദിക്കുകയും, തുടര്‍ന്ന് കുഴഞ്ഞു വീഴുകയുമായിരുന്നു. പിന്നീട് അദ്ദേഹം പറഞ്ഞതൊക്കെ അവ്യക്തമായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

44,407പേര്‍ പങ്കെടുത്ത മാരത്തോണില്‍ 2300-ഓളം മെഡിക്കല്‍ വിദഗ്ധരും പരിശോധനയ്ക്കുണ്ടായിരുന്നു. നാലു വര്‍ഷമായി നടത്തി വരുന്ന മാരത്തോണില്‍ ആരും ഇന്നേവരെ മരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നില്ലെന്നും ഡോക്ടര്‍ വെളിപ്പെടുത്തി.

അതേസമയം, 15 പേര്‍ക്ക് ശരീരത്തില്‍ നിന്ന് വെള്ളം നഷ്ടപ്പെട്ടതിനാല്‍ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് നല്‍കിയ പരിചരണത്തില്‍ അവര്‍ സുഖപ്പെട്ടുവെന്നും ഡോക്ടര്‍ വ്യക്തമാക്കി. നാലു പേരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചെന്നും ഡോക്ടര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ചൂട് കൂടുതലായിരുന്നു. അതുകൊണ്ട് തന്നെ നിര്‍ജ്ജലീകരണവും കൂടിയിരുന്നുവെന്നും കാര്‍ഡിയോളജിസ്റ്റ് ഡോ.നിലേഷ് ഗൗതം പറഞ്ഞു.

Top