പാക് അതിര്‍ത്തി കടന്ന ഇന്ത്യന്‍ എഞ്ചിനീയര്‍ക്ക് ആറുവര്‍ഷത്തിന് ശേഷം മോചനം

മുംബൈ: ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ ആറുവര്‍ഷം ജയിലിലടച്ച ഇന്ത്യക്കാരന് മോചനം. മുംബൈ സ്വദേശിയായ ഹമീദ് നെഹാല്‍ അന്‍സാരിയാണ് ചൊവ്വാഴ്ച ജയില്‍ മോചിതനാകുന്നത്. സമൂഹ മാധ്യമത്തില്‍ കൂടി പരിചയപ്പെട്ട പാകിസ്താന്‍ സ്വദേശിയായ യുവതിയെ തേടി പാക് അതിര്‍ത്തിയിലേക്ക് കടന്നതായിരുന്നു അന്‍സാരി.

എഞ്ചിനീയറായ അന്‍സാരി ജോലിയുടെ ഭാഗമായി 2012ല്‍ അഫ്ഗാനിസ്ഥാനിലെ കാബൂളിലേയ്ക്ക് പോയതിന് ശേഷം വിവരം ലഭിച്ചിരുന്നില്ല. സമൂഹമാധ്യമത്തിലൂടെ പരചയപ്പെട്ട പെണ്‍കുട്ടിയെ നിര്‍ബന്ധിത വിവാഹത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനാണ് പാകിസ്താനിലെ ഖൈബര്‍ പഖ്തുണ്‍ഖ്വയിലേക്ക് അന്‍സാരി കടന്നത്. അനധികൃതമായി അതിര്‍ത്തി കടന്ന ചാരനെന്ന് ആരോപിച്ചാണ് അന്‍സാരിയെ പാകിസ്താന്‍ പിടികൂടിയത്. തുടര്‍ന്ന് കോടതി മൂന്നുവര്‍ഷം തടവ് ശിക്ഷ വിധിച്ചു.

എന്നിട്ടും അന്‍സാരിയെ വിട്ടു കിട്ടാത്ത സാഹചര്യത്തിലാണ് സാമൂഹിക പ്രവര്‍ത്തകരും മറ്റും ഇടപെട്ട് നയതന്ത്ര സമ്മര്‍ദ്ദം ചെലുത്താന്‍ ഇടയാക്കിയത്. കഴിഞ്ഞ ആഴ്ചയാണ് അന്‍സാരിയെ മോചിപ്പിക്കുമെന്ന വിവരം പാക് അധികൃതര്‍ ഇന്ത്യന്‍ വിദേശമന്ത്രാലയത്തെ അറിയിച്ചത്. വാഗാ അതിര്‍ത്തിയില്‍ വെച്ചാണ് അന്‍സാരിയെ ഇന്ത്യയ്ക്ക് കൈമാറുന്നത്.

Top