നാടിനില്ലാത്ത ആഘോഷം ഇവിടെ വേണ്ട, സഹായവുമായി മറുനാടന്‍ മലയാളികളും

മുംബൈ: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സാന്ത്വനവുമായി മറുനാടന്‍ മലയാളികളും.

മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഭക്ഷണവും വെള്ളവും വസ്ത്രങ്ങളുമടങ്ങുന്ന ട്രക്കുകള്‍ വാഷി കേരളാ ഹൗസിലേക്ക് ഒഴുകിയെത്തുകയാണ്.

വിവിധ സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ കൂടാതെ സന്നദ്ധ സംഘടനകളും ഒറ്റക്കെട്ടായാണ് കേരളത്തിനുവേണ്ടി കേരളാ ഹൗസില്‍ ഒത്തുചേര്‍ന്നത്.

മുംബൈയുടെ വിവിധ കേന്ദ്രങ്ങളില്‍ പാഴ്‌സലുകള്‍ ശേഖരിക്കുവാനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ലോക കേരള സംഭംഗം പി ഡി ജയപ്രകാശ് പറഞ്ഞു.

സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരടങ്ങുന്ന നിരവധി പേരാണ് കേരളത്തിലേക്കയക്കാനുള്ള ഭക്ഷണങ്ങള്‍ അടങ്ങുന്ന പാഴ്‌സലുകള്‍ ട്രാക്കുകളില്‍ കയറ്റി അയക്കുന്നതില്‍ പങ്കാളികളായി കേരളാ ഹൗസില്‍ എത്തിയിരുന്നത്.

നഗരത്തിലെ എല്ലാ സമാജങ്ങളും ആഘോഷ പരിപാടികള്‍ റദ്ദാക്കിയാണ് മഴക്കെടുതിയില്‍ ദുരിതം പേറുന്ന കേരളത്തിന് സഹായഹസ്തം നീട്ടുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകനായ ടി എന്‍ ഹരിഹരന്‍ പറഞ്ഞു.

അതേസമയം, ദുരിതാശ്വാസത്തിനായി അയക്കുന്ന സാമഗ്രഹികളെ ജി എസ് ടി, തുടങ്ങിയ നികുതികളില്‍ നിന്നും ഒഴിവാക്കുവാന്‍ വേണ്ടപ്പെട്ട അധികൃതര്‍ ഇടപടണമെന്ന് സീസാഗ മാനേജിങ് ഡയറക്ടര്‍ എം കെ നവാസ് അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനകള്‍ വിവിധ സംഘനകള്‍ വഴി സ്വരൂപിക്കുവാനും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുവാനുമായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനൊരുങ്ങുകയാണ് മുംബൈ മലയാളികള്‍.

ദുരിതം പേറുന്നവര്‍ക്കായി മുംബൈ മലയാളികള്‍ സ്വരൂപിക്കുന്ന ഭക്ഷണം, വസ്ത്രം എന്നിവ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനായുള്ള കാര്‍ഗോ സേവനങ്ങള്‍ സൗജന്യമായി ഏര്‍പ്പെടുത്തുവാനുള്ള സന്നദ്ധത അക്ബര്‍ ട്രാവെല്‍സ് ഏറ്റെടുത്തതും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അനുഗ്രഹമായി.

കേരളത്തിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുംബൈയിലെ മലയാളി ഹോട്ടലുടമകളുടെ സംഘടനയായ ബജറ്റ് ഹോട്ടല്‍ അസോസിയേഷനും രംഗത്ത്. ഇതിനായി അസോസിയേഷന്റെ അംഗങ്ങളില്‍ നിന്നും ഫണ്ട് ശേഖരിക്കാന്‍ തുടങ്ങി ക്കഴിഞ്ഞു. അഞ്ചു ലക്ഷത്തോളം രൂപ സമാഹരിക്കാനാണ് പദ്ധതിയെന്ന് ജനറല്‍ സെക്രട്ടറി സൈനുദ്ദീന്‍ വി.കെ. അറിയിച്ചു. പ്രസിഡന്റ് എസ്.വി. അഷ്റഫ് അലി ആദ്യ സംഭാവന നല്‍കി.

കോര്‍പ്പറേറ്റ് കമ്പനികളില്‍ ജ്യോതി ലബോറട്ടറീസ് 1 കോടി രൂപ സംഭാവനയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. സ്വര്‍ണ വ്യാപാര രംഗത്തെ പ്രമുഖരായ ഗുഡ് വിന്‍ മൊത്തം 35 ലക്ഷം രൂപയുടെ സഹായങ്ങളാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഇതില്‍ 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്കും 25 ലക്ഷം രൂപയ്ക്ക് സാധന സാമഗ്രഹികളായി നല്‍കുവാനുമാണ് പദ്ധതിയിട്ടിരിക്കുന്നത്. എം കെ നവാസ് മാനേജിങ് ഡയറക്ടറായ സീസാഗ ഗ്രൂപ്പ് 20 ലക്ഷം രൂപയും എഞ്ചിനീയറിംഗ് മേഖലയിലെ പ്രമുഖരായ ശില്പി എഞ്ചിനീയറിംഗ് 10 ലക്ഷം രൂപയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ എത്തനോള്‍ ഉല്‍പ്പാദകരായ ശ്രീ എക്‌സ്‌പോര്‍ട്ട്‌സ് ആദ്യ ഗഡുവായ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാന്‍ തീരുമാനിച്ചു. കൂടാതെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ഭക്ഷണവും വസ്ത്രവും എത്തിക്കുവാനും പദ്ധതിയുണ്ടെന്ന് മാനേജിങ് ഡയറക്ടര്‍ സുകുമാര പണിക്കര്‍ പറഞ്ഞു

മുംബൈയിലെ പ്രമുഖരായ മലയാളികളുടെയുടെയും ഉന്നത സ്ഥാനം വഹിക്കുന്ന മലയാളി ഉദ്യോഗസ്ഥരുടെയും ശ്രമങ്ങള്‍ കൂടുതല്‍ കോര്‍പ്പറേറ്റ് സഹായങ്ങള്‍ ജന്മനാടിന്റെ പുനരുദ്ധാരണത്തിന് ലഭിക്കാന്‍ വഴിയൊരുക്കിയിട്ടുണ്ട്.

ടാറ്റ ട്രസ്റ്റും എല്‍ ഐ സിയും ഇതിനകം 10 കോടി വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി കഴിഞ്ഞു. ടാറ്റ കണ്‍സല്‍റ്റന്‍സി സര്‍വീസസ് തങ്ങളുടെ പങ്കാളികളോടെല്ലാം പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനെ സഹായിക്കുവാന്‍ ഉദാരമായ സംഭാവനകള്‍ നല്‍കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കൂടാതെ നാലു ലക്ഷത്തോളം വരുന്ന ജോലിക്കാര്‍ക്കും സ്വമേധയ സംഭാവനകള്‍ നല്‍കുവാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനിയിലെ ഉദ്യോഗസ്ഥയായ പ്രിയ വര്‍ഗീസ് അറിയിച്ചു.

എല്‍ ആന്‍ഡ് ടി ഗ്രൂപ്പു സി ഇ ഓ എസ് എന്‍ സുബ്രമണ്യന്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ജീവനക്കാരോട് ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കുവാനായി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അതേസമയം, പവായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിരാനന്ദനി കേരളൈറ്റ്സ് അസോസിയേഷന്‍ ആദ്യ ഗഡുവായ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി. ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ റദ്ദാക്കിയാണ് ഈ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ നീക്കി വച്ചത്.

കേരളത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടിയും സഹായങ്ങള്‍ സമാഹരിച്ചു കൊണ്ടിരിക്കുകയാണ് സാമൂഹിക പ്രതിബദ്ധത കാത്തു സൂക്ഷിക്കുന്ന സമാജം. ഏകദേശം 50 ലക്ഷം രൂപയോളം ഈയവസരത്തില്‍ കേരളത്തിന് സഹായമായി നല്‍കുവാനാണ് സമാജം ഭാരവാഹികള്‍ തീരുമാനിച്ചിരിക്കുന്നത്.

പന്‍വേല്‍ മലയാളി സമാജം ഇതിനകം 10 ലക്ഷം രൂപ ധനസഹായമായി സുമനസുകളില്‍ നിന്നും സമാഹരിച്ചു കഴിഞ്ഞു. 15 മുതല്‍ 20 ലക്ഷം രൂപ വരെ സഹായിക്കാനാവുമെന്നാണ് സമാജം പ്രസിഡണ്ട് ടി എന്‍ ഹരിഹരനും ഏകോപന സമിതി അംഗം സതീഷ് കുമാറും അറിയിച്ചത്.

ഏഷ്യയിലെ ഏറ്റവും വലിയ മലയാളി സമാജമായ ഡോംബിവ്ലി കേരളീയ സമാജവും 10 ലക്ഷം രൂപയാണ് കേരളത്തിന്റെ പുനരുദ്ധാരണത്തിനായി നീക്കി വച്ചിരിക്കുന്നത്. ഇക്കൊല്ലത്തെ ഓണാഘോഷപരിപാടികള്‍ റദ്ദാക്കിയാണ് സമാജം കേരളത്തിന് സഹായഹസ്തം നീട്ടുന്നത്.

ഓര്‍ത്തോഡോക്‌സ് സഭ ബോംബെ ഭദ്രാസനം കേരള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദ്യ ഗഡുവായ 10 ലക്ഷം രൂപ കൈമാറും. യുവജനങ്ങളുടെ നേതൃത്വത്തില്‍ കേരളത്തില്‍ പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായപദ്ധതിക്ക് തുടക്കം കുറിച്ചു .

WhatsApp Image 2018-08-18 at 7.44.06 PM

കേരള ജനതയുടെ ദുരിതാവസ്ഥ കണക്കിലെടുത്തു ശ്രീനാരായണ മന്ദിര സമിതി സെപ്റ്റംബര്‍ രണ്ടിന് നടത്താനിരുന്ന ഗുരുദേവ ജയന്തി ആഘോഷം റദ്ദാക്കി. സഹായത്തിന്റെ ആദ്യ ഗഡുവായ 2 ലക്ഷം രൂപ മുന്‍ മന്ത്രി എം എ ബേബിക്ക് കൈമാറി.

ശ്രീനാരായണ മന്ദിര സമിതിയുടെ നാല്പതോളം യൂണിറ്റുകളില്‍ നിന്നും പരമാവുധി സംഭാവന അംഗങ്ങളില്‍ നിന്നും സ്വരൂപിച്ചു കൂടുതല്‍ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് സെക്രട്ടറി എന്‍ എസ് സലിംകുമാര്‍ വാഷി കേരള ഹൌസില്‍ ലോക കേരള സഭ അംഗങ്ങള്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ അറിയിച്ചു.

മുംബൈ താനെ യൂണിയന്‍ എസ് എന്‍ ഡി പി യോഗവും കേരളത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരത്തിലെ വിവിധ യൂണിറ്റുകള്‍ വഴി സംഭാവനകള്‍ സ്വരൂപിച്ചു ഏകദേശം 15 ലക്ഷത്തോളം സമാഹരിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നു മുംബൈ യൂണിയന്‍ പ്രസിഡന്റ് എസ്.ഗോപാലകൃഷ്ണന്‍ അറിയിച്ചു.

കാന്തിവ്ലി ലോഖണ്ഡ് വാല ടൗണ്‍ഷിപ് മലയാളി അസോസിയേഷന്‍ ഓണാഘോഷവും രജത ജൂബിലി ആഘോഷവും മാറ്റി വച്ച് വലിയൊരു തുക സമാഹരിച്ചു കേരള ദുരിതാശ്വാസനിധിയിലേക്ക് നല്‍കുവാന്‍ തീരുമാനിച്ചു.

കെ ആന്‍ഡ് കെ സോഷ്യല്‍ ഫൌണ്ടേഷന്‍ ലീല ഹോട്ടലില്‍ വച്ച് നടത്താനിരുന്ന ഓണാഘോഷ പരിപാടികള്‍ റദ്ദാക്കി നീക്കി വച്ച മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് സംഘടനയുടെ ചെയര്‍മാന്‍ പ്രിന്‍സ് വൈദ്യന്‍ അറിയിച്ചു.

ഖാര്‍ഘര്‍ മലയാളി കൂട്ടായ്മ കേരളത്തിലെ പ്രളയക്കെടുതിയില്‍ വലയുന്നവരെ സഹായിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളുമടക്കം അവശ്യ സാധനങ്ങള്‍ പരമാവുധി ശേഖരിച്ചു എത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

മുത്തപ്പന്‍ സേവാ സംഘം ആദ്യ ഗഡുവായ 1 ലക്ഷം രൂപ സംഭാവന ചെയ്യുവാന്‍ തീരുമാനിച്ച വിവരം സാമൂഹിക പ്രവര്‍ത്തകന്‍ സി പി ബാബു അറിയിച്ചു. താനെ നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഈ വര്‍ഷത്തെ ഓണാഘോഷം റദ്ദാക്കി ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചു.

സി.ബി.ഡി. കൈരളി ഓണാഘോഷം റദ്ദാക്കി. സംഘടന സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനും തീരുമാനിച്ചതായി പ്രസിഡന്റ് സാബു ഡാനിയേല്‍ അറിയിച്ചു.

ഓണാഘോഷ പരിപാടികള്‍ക്ക് ചെലവാക്കുന്ന രണ്ട് ലക്ഷം രൂപ ദുരിതാശ്വാസഫണ്ടിലേക്ക് നല്കാന്‍ വിത്തല്‍വാഡി സമാജം തീരുമാനിച്ചതായി സെക്രട്ടറി കെ.എസ്. രവീന്ദ്രന്‍ പറഞ്ഞു.

മഹാരാഷ്ട്ര തൃശൂര്‍ കൂട്ടായ്മ ആഗസ്റ്റ് 19ന് നടത്താനിരുന്ന ഓണാഘോഷ പരിപാടികള്‍ റദ്ദാക്കി, ചെലവിനായി സ്വരൂപിച്ച മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുമെന്ന് പ്രസിഡണ്ട് ഇ പി വാസു അറിയിച്ചു.

സെപ്റ്റംബര്‍ രണ്ടാം തീയതി നടത്താനിരുന്ന ഓണാഘോഷം അന്ധേരി മലയാളിസമാജം മാറ്റി വെച്ചു. പണം സ്വരൂപിച്ച് കേരളത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കെത്തിച്ചു കൊടുക്കാന്‍ തീരുമാനിച്ചതായി സെക്രട്ടറി ഉണ്ണിമേനോന്‍ അറിയിച്ചു.

ഓണാഘോഷത്തിന് ചെലവാകുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് അയയ്ക്കാന്‍ താരാപുര്‍ മലയാളിസമാജം തീരുമാനിച്ചു. കൂടുതല്‍ തുക കണ്ടെത്തി അവയും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുമെന്ന് സമാജം പ്രവര്‍ത്തകന്‍ മോഹന്‍കുമാര്‍ അറിയിച്ചു.

വാപ്പി മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണാഘോഷം നടത്താതെ അംഗങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് പ്രഭു മറ്റത്തില്‍ അറിയിച്ചു.

സെപ്റ്റംബറില്‍ നടത്താനിരുന്ന സ്‌നേഹോത്സവം ‘ഇപ്റ്റ്’ മാറ്റി വെച്ചു. ഇപ്റ്റയുടെ സഹായധനം കേരളീയ കേന്ദ്രസംഘടനയുടെ കേരളത്തിന് ഒരു കൈത്താങ്ങ് എന്ന പദ്ധതിയിലേക്ക് സംഭാവന ചെയ്തു.

‘നാട്ടോണം പൊന്നോണം-2018’ എന്ന പേരില്‍ ഐരൊളിയില്‍ ശനിയാഴ്ച നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി മുംബൈ മലയാളി ഫെയ്സ്ബുക്ക് കൂട്ടായ്മ അറിയിച്ചു. ഇതിനായി സ്വരൂപിച്ച തുക കൊണ്ട് വാങ്ങിച്ച വസ്തുക്കള്‍ കേരളത്തില്‍ മഴക്കെടുതി അനുഭവിക്കുന്നവര്‍ക്ക് അയച്ചുകൊടുക്കാനും തീരുമാനിച്ചു.

കഴിഞ്ഞ മൂന്നു വര്‍ഷമായി ഓള്‍ മുംബൈ മലയാളി അസോസിയേഷന്‍ (അമ്മ) തിരുവോണനാളില്‍ സി.എസ്.ടി. റെയില്‍വേസ്റ്റേഷനില്‍ ഒരുക്കുന്ന പൂക്കളം ഇത്തവണയില്ല. കാലവര്‍ഷക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന സഹോദരങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതിനു വേണ്ടിയാണ് ഓണാഘോഷങ്ങള്‍ ഒഴിവാക്കിയിരിക്കുന്നതെന്ന് അമ്മ പ്രസിഡന്റ് ജോജോ തോമസ് അറിയിച്ചു.

കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും രംഗത്തെത്തി. താനെയിലെ മലയാളികളുമായി ബന്ധപ്പെട്ടാണ് രണ്ടായിരം ഫാമിലി കിറ്റ് കേരളത്തിലേക്കയക്കുവാനുള്ള ഉദ്യമത്തിന് മന്ത്രി നേതൃത്വം നല്‍കിയത്.

Top