കോവിഡ്; മുംബൈയില്‍ പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി

മുംബൈ: പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി). വീടുകളില്‍നിന്ന് പുറത്തുപോകുമ്പോള്‍ മാസ്‌കുകള്‍ ഉപയോഗിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ബുധനാഴ്ച ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ഈ തീരുമാനം.

ഒരു കാരണവശാലും മാസ്‌ക് ധരിക്കാതെ വീടിന് പുറത്തിറങ്ങരുതെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കി. വീട്ടില്‍ നിര്‍മിച്ച മാസ്‌കുകളും ധരിക്കാവുന്നതാണെന്നും നിയമം ലംഘിക്കുന്നവര്‍ക്ക് ഐപിസി സെക്ഷന്‍ 188 പ്രകാരമുള്ള ശിക്ഷ ലഭിക്കുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു.

തെരുവ്, ആശുപത്രി, ഓഫീസ്, മാര്‍ക്കറ്റ് എന്നിങ്ങനെ എല്ലാ പൊതുഇടങ്ങളിലും എന്ത് ആവശ്യത്തിനായി വരുന്നവരും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നാണ് മുംബൈ മുന്‍സിപ്പല്‍ കമ്മീഷണര്‍ പ്രവീണ്‍ പര്‍ദേശി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് വാങ്ങിയതോ, വീട്ടില്‍ നിര്‍മിച്ച മാസ്‌കുകളോ ഉപയോഗിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മുംബൈയില്‍ സാമൂഹികവ്യാപനം തുടങ്ങിയതായി ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്ഥിരീകരണം നടത്തിയിരുന്നു.

വിദേശത്ത് പോകാത്തവരിലും രോഗികളുമായി ഇടപഴക്കാത്തവരിലും രോഗം കണ്ടെത്തി തുടങ്ങിയതോടെയാണ് മുംബൈയില്‍ സാമൂഹികവ്യാപനം തുടങ്ങിയതായി സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയിലെ ആകെ രോഗികളുടെ എണ്ണം ഇതിനോടകം ആയിരം കടന്നിട്ടുണ്ട്. ബുധനാഴ്ച രാവിലെയുള്ള കണക്ക് പ്രകാരം 1018 കൊവിഡ് രോഗികളാണ് മഹാരാഷ്ട്രയില്‍ മാത്രമുള്ളത്. ഇതില്‍ 642 രോഗികളും മുംബൈ നഗരത്തില്‍ നിന്നാണ്. പൂണെയില്‍ 159 രോഗികളും താനെയില്‍ 87 രോഗികളുമുണ്ട്.

Top