ഐപിഎല്ലില്‍ ഇന്ന് മുംബൈ കൊല്‍ക്കത്ത പോരാട്ടം

അബുദാബി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. അബുദാബിയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. വിജയവഴിയില്‍ തിരിച്ചെത്താന്‍ ഇറങ്ങുന്ന മുംബൈക്കായി നായകന്‍ രോഹിത് ശര്‍മ്മ മടങ്ങിയെത്തും.

ഐപിഎല്‍ പതിനാലാം സീസണിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് തോറ്റാണ് മുംബൈ വരുന്നത്. ആദ്യമത്സരത്തില്‍ കളിക്കാതിരുന്ന രോഹിത് ശര്‍മ്മ തിരിച്ചെത്തുന്നത് മുംബൈയുടെ കരുത്ത് കൂട്ടും. ക്വിന്റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ്മ സഖ്യമായിരിക്കും ഓപ്പണ്‍ ചെയ്യുക. കഴിഞ്ഞ മത്സരം നഷ്ടമായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ഇന്ന് കളിക്കും എന്നാണ് കരുതപ്പെടുന്നത്.

അതേസമയം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആധികാരികമായി നേടിയ ഒന്‍പത് വിക്കറ്റിന്റെ ജയമാണ് കൊല്‍ക്കത്തയെ കരുത്തരാക്കുന്നത്. അതിനാല്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റത്തിന് സാധ്യതയില്ല. എട്ട് മത്സരങ്ങളില്‍ അത്രതന്നെ പോയിന്റുമായി എട്ടാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. ആറ് പോയിന്റുള്ള കൊല്‍ക്കത്ത ആറാം സ്ഥാനത്തും.

 

Top