ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തകര്‍ത്തു ; മുംബൈയ്ക്ക് 37 റണ്‍സ് ജയം

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് വിജയം. 37 റണ്‍സിനായിരുന്നു മുംബൈയുടെ ജയം. ഈ സീസണിലെ ചെന്നൈയുടെ ആദ്യ തോല്‍വിയാണിത്.

വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിങ് തെരഞ്ഞെടുത്തു. തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച മുംബൈക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. 43 പന്തില്‍ 59 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ടോപ് സ്‌കോറര്‍.

ആദ്യം ബാറ്റ് ചെയ്ത മുംബൈ അവസാന ഓവറുകളില്‍ ഹര്‍ദിക് പാണ്ഡ്യയും കീരണ്‍ പൊള്ളാര്‍ഡും നടത്തിയ വെടിക്കെട്ടിന്റെ ബലത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് നേടിയത്. ജയിക്കാന്‍ ഇരുപത് ഓവറില്‍ 171 റണ്‍സ് മാത്രം മതിയായിരുന്ന ചെന്നൈയ്ക്ക് പക്ഷേ, ആദ്യ ഓവര്‍ മുതല്‍ തന്നെ കാലിടറി. നിശ്ചിത ഇടവേളകളില്‍ വിക്കറ്റുകള്‍ ഓരോന്ന് വലിച്ചെറിഞ്ഞുകൊണ്ടിരുന്ന അവര്‍ക്ക് നിശ്ചിത ഇരുപത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് മാത്രമാണ് നേടാനായത്.

54 പന്തില്‍ നിന്ന് 58 റണ്‍സെടുത്ത കേദാര്‍ ജാദവിന് മാത്രമാണ് മുംബൈ ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാംയത്. സുരേഷ് റെയ്‌ന 16ഉം ക്യാപ്റ്റന്‍ ധോനി 12 ഉം റണ്‍സാണ് എടുത്തത്. അമ്പാട്ടി റായിഡു നാലാമത്തെ പന്തില്‍ തന്നെ പൂജ്യത്തിന് പുറത്തായി. വാട്‌സണ് അഞ്ചും രവീന്ദ്ര ജഡേജയ്ക്ക് ഒന്നും ബ്രാവോയ്ക്ക് എട്ടും റണ്‍സാണ് നേടാനായത്. ശാര്‍ദുല്‍ താക്കര്‍ അഞ്ച് പന്തില്‍ നിന്ന് 12ഉം മോഹിത് ശര്‍മ റണ്ണൊന്നുമെടുക്കാതെയും പുറത്താകാതെ നിന്നു.

Top