വനിതാ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്

ഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തില്‍ ഗുജറാത്ത് ജയന്റ്സിനെ ഏഴ് വിക്കറ്റുകള്‍ക്കാണ് മുംബൈ കീഴടക്കിയത്. ജയന്റ്സ് ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം നിശ്ചിത ഓവര്‍ അവസാനിക്കാന്‍ വെറും ഒരു പന്ത് ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ വനിതകള്‍ മറികടന്നു. 95 റണ്‍സുമായി പുറത്താകാതെ നിന്ന ഹര്‍മന്‍പ്രീതാണ് മുംബൈയുടെ വിജയശില്‍പ്പി. വിജയത്തോടെ പ്ലേ ഓഫിന് യോഗ്യത നേടാനും മുംബൈയ്ക്കായി.

191 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ മുംബൈയ്ക്ക് മികച്ച തുടക്കം ലഭിച്ചു. ഒന്നാം വിക്കറ്റില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ യാസ്തിക ഭാട്ടിയ- ഹെയ്ലി മാത്യൂസ് സഖ്യത്തിന് സാധിച്ചു. 18 റണ്‍സെടുത്ത യാസ്തിക ഭാട്ടിയ പുറത്തായതിന് പിന്നാലെ വണ്‍ ഡൗണായി എത്തിയ നാറ്റ് സ്‌കീവര്‍- ബ്രണ്ടും (2) പുറത്തായി.മൂന്നാം വിക്കറ്റില്‍ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് തകര്‍ത്തടിച്ചതോടെ മുംബൈ സ്‌കോര്‍ അതിവേഗം മുന്നോട്ടുപോയി. അര്‍ദ്ധ സെഞ്ച്വറിക്ക് ഒരു റണ്‍ അകലെ ഓപ്പണര്‍ യാസ്തിക ഭാട്ടിയയ്ക്ക് മടങ്ങേണ്ടി വന്നു. ടീം സ്‌കോര്‍ 98ലെത്തിച്ചായിരുന്നു താരത്തിന്റെ മടക്കം.പിന്നീട് ഹര്‍മന്‍പ്രീത് കൗറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് കാണാനായത്. അവസാനക്കാരിയായി ഇറങ്ങിയ അമേലിയ കേറിനെ (12) ഒരറ്റത്ത് നിര്‍ത്തി ഹര്‍മന്‍ ടീമിനെ വിജയത്തിലെത്തിച്ചു. ഹര്‍മന്‍പ്രീത് വെറും 48 പന്തില്‍ 95 റണ്‍സ് അടിച്ചുകൂട്ടിയതോടെ നിശ്ചിത ഓവര്‍ അവസാനിക്കാന്‍ വെറും ഒരു പന്ത് ബാക്കിനില്‍ക്കെ മുംബൈ വിജയലക്ഷ്യത്തിലെത്തി. അഞ്ച് സിക്സും പത്ത് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു ഹര്‍മന്റെ ഇന്നിംഗ്സ്.

ഭാരതി ഫുല്‍മാലി (21), ലൗറ വോള്‍വാര്‍ഡ് (13) എന്നിവര്‍ രണ്ടക്കം കടന്നപ്പോള്‍ ഫോബ് ലിച്ച്ഫീല്‍ഡ് (3), ആഷ്ലി ഗാര്‍ഡനെര്‍ (1), കാത്രിന്‍ എമ്മ ബ്രൈസ് (1) എന്നിവര്‍ നിരാശപ്പെടുത്തി. മുംബൈയ്ക്ക് വേണ്ടി സൈക ഇസ്മായില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹെയ്ലി മാത്യൂസ്, ഷബ്നിം ഇസ്മായില്‍, പൂജ വസ്ത്രാകര്‍, സജീവന്‍ സജന എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ജയന്റ്സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 190 റണ്‍സെടുത്തത്. ദയലന്‍ ഹേമലത (74), ബെത്ത് മൂണി (66) എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്സാണ് ജയന്റ്സിനെ മികച്ച സ്‌കോറിലെത്തിച്ചത്. അര്‍ദ്ധ സെഞ്ച്വറി കടന്ന് മുന്നേറുകയായിരുന്ന ക്യാപ്റ്റന്‍ ബെത്ത് മൂണിയെ പുറത്താക്കി മലയാളി താരം സജീവന്‍ സജനയാണ് മുംബൈയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. എറിഞ്ഞ ആദ്യ പന്തില്‍ തന്നെയാണ് സജന നിര്‍ണായക വിക്കറ്റ് വീഴ്ത്തിയത്.

Top