ഡല്‍ഹിക്കെതിരെ 8 വിക്കറ്റിന്റെ ജയവുമായി മുംബൈ ഇന്ത്യന്‍സ്

മുംബൈ: വനിതാ പ്രീമിയർ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 8 വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി മുന്നോട്ടുവെച്ച 106 റണ്‍സ് വിജയലക്ഷ്യം യാസ്‍തിക ഭാട്ടിയ, ഹെയ്‍ലി മാത്യൂസ്, നാറ്റ് സൈവർ ബ്രണ്ട്, ഹർമന്‍പ്രീത് കൗ‍ർ എന്നിവരുടെ ബാറ്റിംഗ് മികവില്‍ മുംബൈ അനായാസം 15 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ സ്വന്തമാക്കി. തുടർച്ചയായി രണ്ട് ഫോറോടെ നാറ്റ് മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു. നേരത്തെ മൂന്ന് വിക്കറ്റ് വീതവുമായി സൈക ഇഷാക്ക് ഇസി വോങും ഹെയ്‍ലി മാത്യൂസും ഒരാളെ പുറത്താക്കി പൂജ വസ്ത്രക്കറും മുംബൈക്കായി ബൗളിംഗില്‍ തിളങ്ങിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 18 ഓവറില്‍ 105 റണ്‍സില്‍ പുറത്തായി. ഓപ്പണറായി ഇറങ്ങി 43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മെഗ് ലാന്നിംഗാണ് ഡല്‍ഹിയുടെ ടോപ് സ്കോറർ.

ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സ് ബൗളർമാർ പിടിമുറുക്കിയാണ് മത്സരം തുടങ്ങിയത്. ഡല്‍ഹി ഓപ്പണർ ഷെഫാലി വർമ്മ പുറത്താകുമ്പോള്‍ ടീം സ്കോർ എട്ട് മാത്രം. 6.4 ഓവറില്‍ 31 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. 6 പന്തില്‍ 2 റണ്‍സ് നേടിയ ഷെഫാലിയെ സൈക ഇഷാക്ക് ബൗള്‍ഡാക്കിയപ്പോള്‍ അലീസ് കാപ്‍സിയെ(7 പന്തില്‍ 6) പൂജ വസ്‍ത്രക്കറും, മരിസാന്‍ കാപ്പിനെ(4 പന്തില്‍ 2) ഇസ് വോങും പുറത്താക്കി. ഇതിന് ശേഷം രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു ക്യാപ്റ്റന്‍ മെഗ് ലാന്നിംഗും ജെമീമ റോഡ്രിഗസും. 13-ാം ഓവറില്‍ ജെമീമയുടെ(18 പന്തില്‍ 25) കുറ്റി പിഴുത് സൈക ബ്രേക്ക്ത്രൂ നല്‍കി. ഇരുവരും 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇതേ ഓവറില്‍ മെഗ് ലാന്നിംഗ്(41 പന്തില്‍ 43) ഹർമന്റെ ക്യാച്ചില്‍ പുറത്തായി.

തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ഹെയ്‍ലി മാത്യൂസ്, ജെസ്സ് ജൊനാസ്സനെ(3 പന്തില്‍ 2) പുറത്താക്കി. ഇതോടെ അരങ്ങേറ്റ താരം മിന്നു മണി ക്രീസിലെത്തി. എന്നാല്‍ നേരിട്ട മൂന്നാം പന്തില്‍ ക്രീസ് വിട്ടിറങ്ങിയ മിന്നുവിനെ യാസ്‍തിക ഭാട്ടിയ സ്റ്റംപ് ചെയ്തു. വൈകാതെ താനിയ ഭാട്ടിയയെ(9 പന്തില്‍ 4) വോങ് പുറത്താക്കി. 9 പന്തില്‍ 10 റണ്ണുമായി രാധാ യാദവും വോങ്ങിന് മുന്നില്‍ കീഴടങ്ങിയപ്പോള്‍ അവസാനക്കാരിയായി ടാരാ നോറിസ്(0) പുറത്തായി. നാല് റണ്ണുമായി ശിഖ പാണ്ഡെ പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗില്‍ 106 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മുംബൈ ഇന്ത്യന്‍സ് വനിതകള്‍ അനായാസമെത്തി. ഓപ്പണർമാരായ യാസ്തിക ഭാട്ടിയയും ഹെയ്‍ലി മാത്യൂസും മുംബൈക്ക് ഗംഭീര തുടക്കം നല്‍കി. ഇരുവരും 65 റണ്‍സ് കൂട്ടിച്ചേർത്ത ശേഷം 9-ാം ഓവറിലെ അഞ്ചാം പന്തിലാണ് പിരിഞ്ഞത്. 32 പന്തില്‍ 41 റണ്‍സ് നേടിയ യാസ്തികയെ ടാരാ നോറിസ് എല്‍ബിയിലൂടെ പുറത്താക്കുകയായിരുന്നു. അലീസ് കാപ്‍സിയുടെ 12-ാം ഓവറില്‍ ഹെയ്‍ലിയെ(31 പന്തില്‍ 32) ജെമീമ പറക്കും ക്യാച്ചില്‍ പുറത്താക്കി. കൂടുതല്‍ നഷ്ടങ്ങളില്ലാതെ നാറ്റ് സൈവർ ബ്രണ്ടും(19 പന്തില്‍ 23*), ഹർമനും(8 പന്തില്‍ 11*) മുംബൈയെ ജയിപ്പിച്ചു. കളിച്ച മൂന്ന് മത്സരങ്ങളിലും ജയവുമായി മുംബൈയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്.

Top