ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും

അബുദാബി : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തിൽ വൈകുന്നേരം 7.30ന് ആണ് മത്സരം ആരംഭിക്കുക. അഞ്ച് കളികളില്‍ നിന്ന് മൂന്ന് ജയവുമായി മുംബൈ പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്താണ്. നാല് കളികളില്‍ നിന്ന് രണ്ട് ജയം മാത്രമുള്ള രാജസ്ഥാൻ അഞ്ചാം സ്ഥാനത്താണ്.

ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും ഒരു പോലെ മികച്ച ഫോം തുടരുന്ന മുംബൈ ടീമിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ വിജയം അനായാസമാണ്. എന്നാൽ രാജസ്ഥാനെ സംബന്ധിച്ചിടത്തോളം വിജയം അനിവാര്യമാണ്. സഞ്ജു സാംസണിലാണ് രാജസ്ഥാന്‍റെ എല്ലാ പ്രതീക്ഷയും. സഞ്ജു സാംസണ്‍, സ്റ്റീവ് സ്മിത്ത് എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് രാജസ്ഥാൻ രണ്ട് മത്സരങ്ങളും ജയിച്ചത്.

ഹിറ്റ്‌മാന്‍ രോഹിത്ത് ശര്‍മ തകര്‍പ്പന്‍ ഫോമിലാണ്. ഹര്‍ദിക് പാണ്ഡ്യ, കിരോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ എന്നിവരുടെ പ്രകടനമാണ് മുംബൈയുടെ കരുത്ത്. സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും മുംബൈ ഇന്നിംഗ്‌സിന് കരുത്തേകുന്നവരാണ്. എന്തായാലും വാശിയേറിയ ഒരു പോരാട്ടമായിരിക്കും ഇന്ന് നടക്കാൻ പോകുന്നത്.

Top