ഈ നിമിഷത്തിന് വേണ്ടിയാണ് ഞങ്ങളെല്ലാവരും കാത്ത് നിന്നത്;യുവിയെ പുകഴ്ത്തി മുംബൈ ഇന്ത്യന്‍സ്

മുംബൈ: കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ താരലേലത്തില്‍ സൂപ്പര്‍ താരം യുവരാജ് സിങ് അവസാന സമയം വരെ ലേലത്തില്‍ പോകാതെ നിന്നത് ക്രിക്കറ്റ് ലോകത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീട് മുംബൈ ഇന്ത്യന്‍സ് ഒരു കോടി രൂപയ്ക്ക് യുവിയെ സ്വന്തം പാളയത്തിലെത്തിച്ചതും വലിയ വാര്‍ത്തയായിമാറി. യുവരാജിനെ ടീമിലെത്തിക്കുക എന്ന തങ്ങളുടെ ലക്ഷ്യമായിരുന്നുവെന്നും അദ്ദേഹത്തിന് ഗെയിം പ്ലാനില്‍ കൃത്യമായ പങ്കുണ്ടെന്നും ലേലത്തിന് ശേഷം ടീം ഉടമ ആകാശ് അംബാനി വ്യക്തമാക്കുകയും ചെയ്തിരുന്നു. ആദ്യ ഘട്ടത്തില്‍ ആരും വിളിച്ചെടുക്കാതിരുന്ന യുവിയെ രണ്ടാം ഘട്ടത്തിലാണ് മുംബൈ വിളിച്ചെടുത്തത്.

ടീമിലെടുത്ത ഉടനെ യുവരാജ് സിങിനെ ടീം ജേഴ്‌സിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ചെയ്തത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് താരത്തെ അവതരിപ്പിച്ചത്. 2019 സീസണിന് മുന്നോടിയായി മുംബൈ അവതരിപ്പിക്കുന്ന ആദ്യ താരമായും യുവി മാറി. പുതിയ സീസണിലേക്കുള്ള നീലയും സ്വര്‍ണ നിറവും കലര്‍ന്ന ജേഴ്‌സിയണിഞ്ഞാണ് താരം നില്‍ക്കുന്നത്. ഈ നിമിഷത്തിന് വേണ്ടിയാണ് ഞങ്ങളെല്ലാവരും കാത്ത് നിന്നതെന്ന് പോസ്റ്റില്‍ കുറിപ്പും എഴുതിയിട്ടുണ്ട്.

അടിസ്ഥാന വിലയായ ഒരു കോടി രൂപക്കു തന്നെ യുവിയെ ടീമിലെടുക്കാനായത് ഐപിഎല്‍ ലേല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമാണെന്ന് മുംബൈ ടീം ഉടമയായ ആകാശ് അംബാനി വ്യക്തമാക്കിയിരുന്നു. ക്രിക്കറ്റില്‍ സജീവമല്ലെങ്കിലും താരത്തിന് ആരാധകര്‍ക്കിടയില്‍ ഇപ്പോഴും നല്ലപേരാണ്. മുംബൈ ഇന്ത്യന്‍സിന് ആരാധകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ യുവരാജിലൂടെ മാത്രം സാധിച്ചേക്കുമെന്നും അവര്‍ കണക്കുകൂട്ടുന്നത്.

Top