മുംബൈ ഇന്ത്യന്‍സ് യുവതാരം റാസിഖ് സലാമിന് രണ്ട് വര്‍ഷത്തെ വിലക്ക്

മുംബൈ ഇന്ത്യന്‍സ് യുവ താരം റാസിഖ് സലാമിന് രണ്ട് വര്‍ഷത്തെ വിലക്ക്. വ്യാജ ജനന സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ബിസിസിഐ ആണ് റാസിഖിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് പര്യടനം നടത്താനിരിക്കുന്ന ഇന്ത്യ അണ്ടര്‍ 19 ടീമില്‍ ഇടം പിടിച്ചിരുന്ന സലാമിനെ വ്യാജ സര്‍ട്ടിഫിക്കറ്റിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്താക്കുകയും പിന്നാലെ വിലക്ക് വിധിക്കുകയുമായിരുന്നു. ഈ സീസണ്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമില്‍ കളിച്ച താരമാണ് സലാം.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സലാമിനെ ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ നിന്ന് പുറത്താക്കുകയാണെന്നും, 2 വര്‍ഷത്തേക്ക് ക്രിക്കറ്റില്‍ നിന്ന് വിലക്കുകയാണെന്നും ബിസിസിഐ അറിയിച്ചത്. ജമ്മു കാശ്മീരില്‍ നിന്നുള്ള ഈ യുവതാരം മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഐപിഎല്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമാണ്.

20 ലക്ഷം രൂപ മുടക്കിയായിരുന്നു മുംബൈ ഇന്ത്യന്‍സ് ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ നിന്ന് ഈ വലം കൈയ്യന്‍ പേസ് ബൗളറെ സ്വന്തമാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മാത്രമാണ് സലാമിന് കളിക്കാന്‍ അവസരം ലഭിച്ചത്. അന്ന് ടീമിനായി ബോളിംഗ് ഓപ്പണ്‍ ചെയ്ത അദ്ദേഹത്തിന് 4 ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുക്കേണ്ടി വന്നെങ്കിലും വിക്കറ്റുകളൊന്നും നേടാനായിരുന്നില്ല.

Top