തിരക്കുകള്‍ക്കിടയില്‍ മുംബൈ ഇന്ത്യന്‍സിന് വിശ്രമ വേളയായി നാല് ദിവസം

പിഎല്ലില്‍ താരങ്ങള്‍ക്ക് നാല് ദിവസത്തെ വിശ്രമം അനുവദിച്ച് മുംബൈ ഇന്ത്യന്‍സ്. മത്സരങ്ങളുടെ തിരക്കുകള്‍ക്കിടയില്‍ കുടുംബങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതിനും ലോകകപ്പ് ടീമിലുള്‍പ്പെട്ട താരങ്ങള്‍ക്ക് അമിത ജോലി ഭാരത്തില്‍ നിന്ന് വിശ്രമം നല്‍കുന്നതിനും വേണ്ടിയാണ് ഈ വിശ്രമ സമയം നല്‍കിയിരിക്കുന്നത്.

നാല് ദിവസത്തെ അവധി ലഭിക്കുന്ന മുംബൈ താരങ്ങള്‍ ഈ വെള്ളിയാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നടക്കുന്ന പോരാട്ടത്തിന് തലേന്ന് ടീമിനൊപ്പം ചേരുമെന്നാണ് സൂചന. പുത്തനുണര്‍വ്വോടെ താരങ്ങള്‍ തിരിച്ചെത്തുന്നത് സീസണിലെ അവസാന ഘട്ടത്തില്‍ മുംബൈക്ക് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

രോഹിത് ശര്‍മ്മ, ജസ്പ്രിത് ബുംറ, ഹാര്‍ദിക് പാണ്ട്യ, ഡികോക്ക്, മലിംഗ എന്നീ മുംബൈ താരങ്ങള്‍ ഈ വര്‍ഷത്തെ ഏകദിന ലോകകപ്പ് കളിക്കാനൊരുങ്ങുന്നവരാണ്. ഇവരുടെ വര്‍ക്ക് ലോഡ് കുറക്കാനും മുംബൈ മാനേജ്‌മെന്റിന്റെ ഈ നീക്കം സഹായിക്കും. അവധി ലഭിച്ചതോടെ കുടുംബത്തിനൊപ്പം ചിലവഴിക്കാനായി മുംബൈയിലെ ഇന്ത്യന്‍ താരങ്ങളെല്ലാം വീടുകളിലേക്ക് മടങ്ങിയതായാണ് സൂചന.

Top