‘ഷെയിം ഓണ്‍ മുംബൈ..’; രോഹിത് ശർമ്മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ആരാധകർ

മുംബൈ : അഞ്ച് ഐപിഎല്‍ കിരീടങ്ങളടക്കം ആറ് കപ്പുകള്‍ ഉയർത്തിയ രോഹിത് ശർമ്മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ആഞ്ഞടിച്ച് മുംബൈ ഇന്ത്യന്‍സ് ആരാധകർ. ‘ഷെയിം ഓണ്‍ മുംബൈ ഇന്ത്യന്‍സ്’ എന്ന ഹാഷ്ടാഗുമായാണ് സാമൂഹ്യമാധ്യമമായ എക്സില്‍ മുംബൈ ഇന്ത്യന്‍സ് ആരാധകരുടെ പ്രതിഷേധം. #ShameOnMI എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. രോഹിത്തിനെ അനവസരത്തില്‍ പടിക്ക് പുറത്താക്കി മുംബൈ ഇന്ത്യന്‍സ് മാനേജ്മെന്റ് ആരാധകരെ വഞ്ചിച്ചു എന്നാണ് ആക്ഷേപം. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് ആരാധകരുടെ പ്രിയ താരമാണെങ്കിലും ഹിറ്റ്മാനെ 2024 സീസണിന് മുമ്പ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയത് അംഗീകരിക്കാനാവില്ല എന്ന് ആരാധകർ പറയുന്നു.

ഐപിഎല്‍ 2024 സീസണിന് മുന്നോടിയായി രോഹിത് ശർമ്മയ്ക്ക് പകരം ഹാർദിക് പാണ്ഡ്യയെ നായകനായി മുംബൈ ഇന്ത്യന്‍സ് ഇന്ന് പ്രഖ്യാപിക്കുകയായിരുന്നു. മുമ്പ് മുംബൈ ഇന്ത്യന്‍സിന്റെ നെടുംതൂണായ താരങ്ങളിലൊരാളായിരുന്ന ഹാർദിക് പാണ്ഡ്യ 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് നായകനായി ചേക്കേറിയിരുന്നു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹാർദിക്കിനെ മുംബൈ മടക്കിക്കൊണ്ടുവന്നത് ക്യാപ്റ്റന്‍സിയില്‍ രോഹിത്തിന്റെ പിന്‍ഗാമിയാക്കാനാണ് എന്ന് വ്യക്തമായിരുന്നു. എങ്കിലും ഇത്ര തിടുക്കപ്പെട്ട് ഐപിഎല്‍ 2024 സീസണിന് മുന്നോടിയായി രോഹിത് ശർമ്മയെ മാറ്റി ഹാർദിക്കിനെ ക്യാപ്റ്റനാക്കിയത് ആരാധകർക്ക് പിടിച്ചില്ല. മുംബൈ ഇന്ത്യന്‍സിലെ രോഹിത്തിന്റെ ക്യാപ്റ്റന്‍സി മാറ്റത്തിന് പിന്നാലെ ട്വിറ്ററില്‍ ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധ പ്രതികരണങ്ങള്‍ കാണാം.

ഐപിഎല്‍ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും മികച്ച നായകനാണ് രോഹിത് ശർമ്മ. 2013ലാണ് രോഹിത് ശർമ്മ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം ഏറ്റെടുത്തത്. ഐപിഎല്ലില്‍ രോഹിത് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായുള്ള 2013ലെ ആദ്യ സീസണില്‍ തന്നെ കിരീടമുയർത്തി. പിന്നീട് 2015, 2017, 2019, 2020 സീസണിലും രോഹിത്തിന്റെ നായകത്വത്തില്‍ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടം തൂത്തുവാരി. ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടിയ ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡ് രോഹിത്തിന്റെ പേരിലാണ്. ഇത് കൂടാതെ 2013ല്‍ ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടവും മുംബൈ ഇന്ത്യന്‍സിന് രോഹിത് ശർമ്മ സമ്മാനിച്ചു. ക്യാപ്റ്റന്‍സി മാറിയെങ്കിലും ഓപ്പണർ എന്ന നിലയ്ക്ക് രോഹിത്തിന്റെ ബാറ്റ് മിന്നുന്നത് വരും സീസണിലും തുടരും എന്നാണ് ഇനി ആരാധകരുടെ പ്രതീക്ഷ.

Top