യുപി വാരിയേഴ്‌സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍

മുംബൈ: വനിതാ ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ്- ഡല്‍ഹി കാപിറ്റല്‍സ് പോരാട്ടം. എലിമിനേറ്ററില്‍ യുപി വാരിയേഴ്‌സിനെ 72 റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ ഫൈനലില്‍ കടന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ നതാലി സ്‌കിവറുടെ (38 പന്തില്‍ പുറത്താവാതെ 72) ഇന്നിംഗ്‌സിന്റെ കരുത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ യുപി 17.4 ഓവറില്‍ എല്ലാവരും പുറത്തായി. ഹാട്രിക് ഉള്‍പ്പെടെ നാല് വിക്കറ്റ് നേടിയ ഇസി വോംഗ് മുംബൈ ബൗളര്‍മാരില്‍ തിളങ്ങി. ഞായറാഴ്ച്ച വൈകിട്ട് 7.30നാണ് ഫൈനല്‍.

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമാണ് യുപിക്ക് ലഭിച്ചിരുന്നത്. പവര്‍പ്ലേയില്‍ തന്നെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ശ്വേത സെഹ്രാവത് (1), അലീസ ഹീലി (11), തഹ്ലിയ മഗ്രാത് (7) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ യുപി മൂന്നിന് 21 എന്ന നിലയിലായി. ഈ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ യുപിക്ക് സാധിച്ചില്ല. മൂന്നാമതായി ക്രീസിലെത്തിയ കിരണ്‍ നവ്ഗിറെ മാത്രമാണ് (43) യുപി നിരയില്‍ പിടിച്ചുനിന്നത്. ഗ്രേസ് ഹാരിസ് (14), ദീപ്തി ശര്‍മ (16), സിമ്രാന്‍ ഷെയ്ഖ് (0), സോഫി എക്ലെസ്റ്റോണ്‍ (0), അഞ്ജലി ശര്‍വാണി (5), രാജേശ്വരി ഗെയ്കവാദ് (5) എന്നിവരെല്ലാം പെട്ടന്ന് മടങ്ങി. കിരണ്‍, സോഫി, സിമ്രാന്‍ എന്നിവരെ പുറത്താക്കിയ വോംഗ് പ്രഥമ വനിതാ ഐപിഎല്ലിലെ ആദ്യ ഹാട്രിക്കും പൂര്‍ത്തിയാക്കി. സൈഖ ഇഷാഖ് രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംിഗിനെത്തിയ മുംബൈക്ക് സ്‌കിവറുടെ പ്രകടനമാണ് തുണയായത്. അമേലിയ കേര്‍ (29) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഭേദപ്പെട്ട തുടക്കമായിരുന്നു മുംബൈക്ക്. ഒന്നാം വിക്കറ്റില്‍ 31 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് യഷ്ടിക ഭാട്ടിയ (21) മടങ്ങിയത്. പത്താം ഓവറില്‍ ഹെയ്‌ലി മാത്യസും (26) പവലിയനില്‍ തിരിച്ചെത്തി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും (14) തിളങ്ങാനായില്ല. ഇതോടെ 12.5 ഓവറില്‍ മൂന്നിന് 104 എന്ന നിലയിലായി മുംബൈ.

ഒരു വശത്ത് ആക്രമിച്ച കളിച്ച നതാലി സ്‌കിവറാണ് ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. രണ്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. കേര്‍ മികച്ച പിന്തുണ നല്‍കി. 19 പന്തുകള്‍ നേരിട്ട ന്യൂസിലന്‍ഡ് താരം അഞ്ച് ഫോര്‍ നേടി. അഞ്ജലി ശര്‍വാണി, സോഫി എക്ലെസ്റ്റോണ്‍, പര്‍ഷവി ചോപ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. പൂജ വസ്ത്രകര്‍ (4 പന്തില്‍ 11) പുറത്താവാതെ നിന്നു.

Top