ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്

ഷാര്‍ജ: ചെന്നൈ സൂപ്പര്‍ കിങ്സിനെ പത്തുവിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ഇതോടെ മുംബൈ വീണ്ടും പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. 115 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈ വെറും 12.2 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ വിജയലക്ഷ്യം താണ്ടി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സാണ് നേടിയത്. ചെന്നൈ ആദ്യമായാണ് ഐ.പി.എല്ലില്‍ പത്തുവിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങുന്നത്.

ചെന്നൈ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ക്വിന്റണ്‍ ഡിക്കോക്കും ചേര്‍ന്നാണ് അനായാസ വിജയം മുംബൈയ്ക്ക് സമ്മാനിച്ചത്. ഇഷാന്‍ 37 പന്തുകളില്‍ നിന്നും 68 ഉം ഡികോക്ക് 37 പന്തുകളില്‍ നിന്നും 46 ഉം റണ്‍സ് നേടി പുറത്താവാതെ നിന്നു.ഇരുവരും ആദ്യ വിക്കറ്റില്‍ 116 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി

സ്വപ്നതുല്യമായ പ്രകടനം കാഴ്ചവെച്ച മുംബൈ ബൗളര്‍മാരാണ് ചെന്നൈയെ ഇത്രയും ചെറിയ സ്‌കോറിന് ഒതുക്കിയത്. ചെന്നൈ മുന്‍നിര ബാറ്റ്സ്മാന്‍മാരെ നിലം തൊടാനനുവദിക്കാതെ മുംബൈ ബൗളര്‍മാര്‍ മികച്ച പ്രകടനത്തിലൂടെ പിടിച്ചുകെട്ടി. ട്രെന്റ് ബോള്‍ട്ട് നാലോവറില്‍ വെറും 18 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റുകള്‍ എടുത്തപ്പോള്‍ ബുംറ, രാഹുല്‍ ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Top