മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യആസൂത്രകന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍

hafiz-saeed

ന്യൂഡല്‍ഹി :മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യആസൂത്രകന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍. പാക് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്. ജമാ-അത്-ഉദ്-തവ തലവനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പഞ്ചാബ് പൊലീസിൻ്റെ കൗണ്ടർ ടെററിസം ഡിപ്പാർട്ട്മെൻ്റ് ആണ് ഇയാളേ അറസ്റ്റ് ചെയ്തത്. ഗുജ്റൻവാലയിലേക്കുള്ള യാത്രയ്ക്കിടെ ലാഹോറിൽ വെച്ചാണ് ഇയാൾ പിടിയിലായത്.

കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ രാജ്യാന്തര കോടതി വിധി പറയാനിരിക്കെയാണ് പാക്കിസ്ഥാന്റെ നിര്‍ണായക നീക്കം. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനു മുന്നോടിയായാണ് അറസ്റ്റെന്നും സൂചന.

ഭീകരസംഘടനയായ ജമാ-അത്-ഉദ്-തവ മേധാവി ഹാഫിസ് സയീദിനും 12 കൂട്ടാളികള്‍ക്കുമെതിരെ നിയമനടപടികളുമായി പാക്കിസ്ഥാന്‍ രംഘത്തെത്തിയിരുന്നു. ഭീകരപ്രവര്‍ത്തനത്തിനു ധനസഹായം നല്‍കല്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിക്കുന്ന തുക ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ പേരില്‍ ചാര്‍ത്തിയിട്ടുള്ളത്. പഞ്ചാബ് പൊലീസിന്റെ ഭീകരവിരുദ്ധ വകുപ്പ് 23 കേസുകളാണ് എടുത്തിട്ടുള്ളത്. പ്രവിശ്യയിലെ വിവിധ നഗരങ്ങളില്‍ ഭീകരപ്രവര്‍ത്തനത്തിനു പണം നല്‍കിയതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

Top