Mumbai-Goa bridge collapse: Bus wreckage found submerged in water at Mahad

മുംബൈ: റായ്ഗഡ് ജില്ലയിലെ മഹാഡിനടുത്ത് മുംബൈ-ഗോവ ദേശീയപാതയില്‍ പാലം തകര്‍ന്ന് പുഴയിലേക്ക് മറിഞ്ഞ് കാണാതായ ബസിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തു.

എട്ട് ദിവസങ്ങള്‍ നീണ്ടു നിന്ന തെരച്ചിലുകള്‍ക്കൊടുവിലാണ് പാലത്തില്‍ നിന്നും കിലോമീറ്ററുകള്‍ക്കപ്പുറത്ത് ചെളിയില്‍ പൂണ്ട നിലയില്‍ ബസ് അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. കാണാതായ രണ്ട് ബസുകളില്‍ ഒന്നിന്റെ അവശിഷ്ടമാണ് കണ്ടെടുത്തത്. ഇതില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.

എട്ട് ദിവസങ്ങളായി മഹാഡ് മേഖലയില്‍ നേവി രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ക്രെയിന്‍ ഉപയോഗിച്ച് ബസിന്റെ ഭാഗങ്ങള്‍ പൊക്കിയെടുക്കുന്നതിനുള്ള ദുരന്ത നിവാരണസേനയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരികയാണ്.

മുതലകളുടെ സാന്നിധ്യവും നദിയിലെ ശക്തമായ കുത്തിയൊഴുക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാക്കിയിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ആഗസ്റ്റ് രണ്ടിന് രാത്രിയോടെയാണ് പാലം തകര്‍ന്ന് രണ്ട് ബസും കാറുകളും വെള്ളത്തില്‍ ഒഴുകിപ്പോയത്. പാലത്തിന്റെ തൂണുകളില്‍ ഒന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. പുഴയില്‍ കാണാതായവരില്‍ ഇതുവരെ 26 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 14 പേരെ ഇതുവരെയും കണ്ടെത്താനായില്ല.

Top