പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. സ്വകാര്യ ചിത്രങ്ങളും വിവരങ്ങളും പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവ് പണവും സ്വർണവും കൈക്കലാക്കി . രണ്ടര ലക്ഷം രൂപയുടെ സ്വത്ത് നഷ്ടപ്പെട്ടുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടി നൽകിയ പരാതിയിലാണ് ഇഷാൻ പട്ടേലിനെ (22) പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു പാർട്ടി സമയത്ത് അവർ കണ്ടുമുട്ടിയതായും ഇൻസ്റ്റഗ്രാം വഴി പരസ്പരം സമീപിച്ചതായും പൊലീസ് പറഞ്ഞു. ഫെബ്രുവരിയിലാണ് ഇൻസ്റ്റഗ്രാമിലൂടെ ഇരുവരും സൗഹൃദം ആരംഭിച്ചത്. ഇയാളുമായി അടുത്ത ബന്ധം പുലർത്തിയ പെൺകുട്ടി ഇതോടെ സ്വകാര്യ വിവരങ്ങൾ പങ്കുവെക്കുകയും അവന്റെ അഭ്യർത്ഥന പ്രകാരം ചിത്രങ്ങൾ അയയ്ക്കുകയും ചെയ്തു.

ചിത്രമെടുത്ത ശേഷം പ്രതി കുട്ടിയെ ഭീഷണിപ്പെടുത്താൻ തുടങ്ങി. വ്യക്തിഗത വിവരങ്ങളും ചിത്രങ്ങളും വെളിപ്പെടുത്തുമെന്നായിരുന്നു ഭീഷണി. മാതാപിതാക്കളെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തി. ഭീഷണിയെ ഭയന്ന് പെൺകുട്ടി പണവും സ്വർണവും കൈമാറി. എന്നാൽ യുവാവ് കൂടുതൽ പണം ആവശ്യപ്പെട്ടു. ഇതോടെ കുട്ടി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.

Top