ക്രിമിനലുകളെ വെടിവെച്ചുകൊന്ന പൊലീസ് സിംഹം വീണ്ടും തിരിച്ച് വരുന്നു

മുംബൈ: ക്രിമിനലുകളുടെ പേടി സ്വപ്നമായ പൊലീസ് സിംഹം നീണ്ട ഇടവേളക്ക് ശേഷം വീണ്ടും സര്‍വീസില്‍ കയറുന്നു.

അധോലോക ഗുണ്ടാ സംഘങ്ങളിലെ 113 പേരെ 25 വര്‍ഷത്തിനിടെ വധിച്ച പ്രദീപ് ശര്‍മയെ ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സേനയിലേക്ക് തിരിച്ചെടുക്കുന്നത്. അതേസമയം, പ്രദീപിന്റെ ഔദ്യോഗിക സ്ഥാനം എന്തായിരിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

അവിഹിത സമ്പാദ്യവും ആരോപിച്ചാണ് 2008ല്‍ പ്രദീപ് ശര്‍മയെ സര്‍വീസില്‍നിന്നു പുറത്താക്കിയത്.

സര്‍വീസില്‍നിന്ന് പുറത്തായതിനു പിന്നാലെ 2006ലെ ലഖന്‍ ഭയ്യ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുടുങ്ങി 2010 ല്‍ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ 2013 ജൂലൈയില്‍ മുംബൈ കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ഇതിനുപിന്നാലെ സര്‍വീസില്‍ തിരികെ പ്രവേശിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു പ്രദീപ് ശര്‍മ.

ഗുണ്ടാത്തലവന്‍മാരും അധോലോക സംഘാംഗങ്ങളുമായുള്ള നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിലൂടെയാണു പ്രദീപ് ശര്‍മ പേരെടുത്തത്. ഒരുകാലത്ത് ഇദ്ദേഹം അധോലോകത്തിനു പേടിസ്വപ്നമായിരുന്നു.

ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയും ഷാര്‍പ്പ് ഷൂട്ടറുമായ സാദിഖ് കാല്യയെ 1999 ല്‍ ദാദറില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ വെടിവച്ചു വീഴ്ത്തിയത് പ്രദീപ് ശര്‍മയാണ്.

സുഭാഷ് താക്കൂര്‍ സംഘത്തിലെ റഫിഖ് ഡബ്ബാവാലയെ 2001 ല്‍ വെടിവച്ചിട്ട പ്രദീപ്, ഛോട്ടാ രാജന്‍ സംഘത്തിലെ വിനോദ് മത്കറെയും വെടിവച്ചു കൊന്നിട്ടുണ്ട്. ‘

‘ടൈം മാഗസിനി’ല്‍ പ്രത്യക്ഷപ്പെടാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വം പൊലീസ് ഓഫിസര്‍മാരില്‍ ഒരാളാണു പ്രദീപ് ശര്‍മ.

Top