യുവഡോക്ടര്‍ പായലിന്റെ മരണം കൊലപാതകമെന്ന് അഭിഭാഷകന്‍

മുംബൈ : ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവഡോക്ടറുടെ മരണം കൊലപാതകമാണെന്ന് കേസ് വാദിക്കുന്ന അഭിഭാഷകന്‍. പായല്‍ മരിച്ചത് ആത്മഹത്യയെ തുടര്‍ന്നല്ലെന്നും കൊലപാതകമാണെന്നും പായലിന്റെ കുടുംബത്തിനു വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ നിധിന്‍ സത്പുത് കോടതിയില്‍ ചൂണ്ടിക്കാട്ടി.

പായലിന്റ കഴുത്തില്‍ മുറിവും ദേഹത്ത് മറ്റുപാടുകളുമുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് അഭിഭാഷകന്‍ പായലിന്റെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടുന്നത്. സാഹചര്യത്തെളിവുകളും കൊലപാതകമാണ് സൂചിപ്പിക്കുന്നത്. കുറ്റവാളികള്‍ മൃതദേഹം മറ്റെവിടെയെങ്കിലും കൊണ്ടുപോയിരിക്കാന്‍ സാധ്യതയുണ്ടെന്നും പിന്നീടാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കുറ്റാരോപിതരായ മൂന്നു ഡോക്ടര്‍മാരെയും 14 ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നും സാക്ഷികള്‍ സമ്മര്‍ദ്ദത്തിലാണെന്നും പ്രോസിക്യൂട്ടര്‍ ജയ്‌സിംഗ് ദേശായി കോടതിയോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ബുധനാഴ്ചയാണ് മുംബൈ സെന്‍ട്രലിലുള്ള നായര്‍ ആശുപത്രിയില്‍ ഇരുപത്തിമൂന്നുകാരിയായ ഡോ. പായല്‍ തഡ്വിവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളായ ഡോ. ഭക്തി മെഹര്‍, ഡോ. അങ്കിത ഖണ്ഡല്‍വാള്‍, ഡോ. ഹേമ അഹൂജ, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ പായലിനെ ജാതിയുടെ പേരില്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായി സാക്ഷിമൊഴികളും ഉണ്ട്.

Top