ജാതീയമായ അധിക്ഷേപം; മുംബൈയില്‍ വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ന്യൂഡല്‍ഹി: മുംബൈയില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജീവനൊടുക്കി. മുതിര്‍ന്ന ഡോക്ടര്‍മാരില്‍ നിന്നും ജാതീയമായ അധിക്ഷേപം നേരിടുന്നുവെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യ. ബി.വൈ.എല്‍ നായര്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടറായ സല്‍മാന്‍ തദ്വിയാണ് ആത്മഹത്യ ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് ഹേമാ അഹൂജ, ഭക്തി മെഹര്‍, അങ്കിത ഖണ്ഡിവാല്‍ എന്നീ ഡോക്ടര്‍മാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു. മൂവരും തന്നെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നുവെന്ന് സല്‍മാന്‍ തന്റെ ആത്മഹത്യാക്കുറിപ്പില്‍ ആരോപിച്ചിരുന്നു. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ നേരത്തെ മാനേജ്മെന്റിനടക്കം പരാതി നല്‍കിയിട്ടും ആരും നടപടിയെടുത്തില്ലെന്ന് സല്‍മാന്റെ മാതാവ് ആരോപിച്ചു. ആദിവാസി വിഭാഗത്തില്‍ പെട്ടതിന്റെ പേരില്‍ തന്നെ മൂവരും ചേര്‍ന്ന് പീഡിപ്പിക്കുമെന്ന് മകള്‍ നിരന്തരം പരാതി പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഇനിയെങ്കിലും അവള്‍ക്ക് നീതി കിട്ടണമെന്നും അമ്മ അബേദ ആവശ്യപ്പെട്ടു

അതേസമയം,ആശുപത്രി അധികൃതര്‍ ആരോപണങ്ങള്‍ തള്ളി. സംഭവവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഒരു വിധത്തിലുള്ള പരാതിയും ലഭിച്ചിട്ടില്ലെന്നും സംഭവത്തില്‍ ആര്‍ക്കെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കൃത്യമായ നടപടിയെടുക്കുമെന്നും ആശുപത്രി ഡീന്‍ അറിയിച്ചു.

Top