മന്ത്രിസഭ വികസിപ്പിക്കാനൊരുങ്ങുന്നു; അജിത് പവാര്‍ വീണ്ടും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്‌

മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിസഭ വികസിപ്പിക്കാനൊരുങ്ങുന്നു. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി രണ്ടാമതും തിരിച്ചെത്തുന്നുവെന്നാണ് മറ്റൊരു പ്രത്യേകത. ഉദ്ധവ് താക്കറെ മന്ത്രിസഭയില്‍ ആറ് പേരെ കൂടി ഉള്‍പ്പെടുത്താനാണ് പുതിയ തീരുമാനം.

മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ശേഷം രണ്ടാം തവണയാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകാനൊരുങ്ങുന്നത്.

ഒറ്റ രാത്രി കൊണ്ട് ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതോടെ ഇരുവരും രാജിവെക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ച ഉദ്ധവ് താക്കറെയും ശരദ് പവാറും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കാന്‍ തീരുമാനമായത്. കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കില്ലെങ്കിലും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ പൊതുമരാമത്ത് മന്ത്രിയായി ചുമതലയേല്‍ക്കും. സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആറ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Top