ലഹരി തലയ്ക്കുപിടിച്ച് നടത്തിയത് അഴിഞ്ഞാട്ടം, അടിപിടിക്കിടെ ജനല്‍ ചില്ലുകളും തകര്‍ത്തെന്ന് !

മുംബൈ: നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ലഹരിമരുന്നു വേട്ട നടത്തിയ ആഡംബരക്കപ്പല്‍ കോര്‍ഡിലയില്‍ അടിപിടികള്‍ നടന്നിരുന്നെന്ന് റിപ്പോര്‍ട്ട്. ചില യാത്രക്കാര്‍ ലഹരിമരുന്നുപയോഗിച്ച ശേഷം പ്രശ്‌നമുണ്ടാക്കിയിരുന്നെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.

ലഹരിയുടെ ഉന്മാദത്തില്‍ അവര്‍ ജനാലച്ചില്ലുകള്‍ തകര്‍ത്തെന്നും അടിപിടിയുണ്ടാക്കിയെന്നും എന്‍സിബിക്കു വിവരം കിട്ടി. കപ്പല്‍ മുംബൈയിലേക്ക് തിരികെയെത്തിയ തിങ്കളാഴ്ച എന്‍സിബി മറ്റൊരു പരിശോധന കൂടി നടത്തിയിരുന്നു.

അതിനിടെ, ആര്യന്‍ ഖാനു ലഹരിമരുന്ന് എത്തിച്ചെന്നു കരുതുന്ന ശ്രേയസ് നായര്‍, ഓണ്‍ലൈന്‍ വഴി രഹസ്യമായി ഓര്‍ഡര്‍ സ്വീകരിച്ച ശേഷം ബിറ്റ്‌കോയിനാണ് വാങ്ങിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ആര്യനും അര്‍ബാസ് മെര്‍ച്ചന്റുമായി പരിചയമുള്ള ശ്രേയസ് ഇവര്‍ക്കൊപ്പം വിരുന്നുകളില്‍ പങ്കെടുക്കാറുണ്ടെന്നും ആഡംബര കപ്പലില്‍ യാത്ര ചെയ്യാന്‍ പദ്ധതിയിട്ടെങ്കിലും അവസാന നിമിഷം പിന്‍മാറുകയായിരുന്നെന്നും എന്‍സിബി കരുതുന്നു. ആര്യന്റെയും അര്‍ബാസിന്റെയും വാട്‌സാപ്പില്‍ നിന്നു ലഭിച്ച വിവരങ്ങളാണ് ശ്രേയസിലേക്കുള്ള വഴി തുറന്നത്.

നേരത്തെ, ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കപ്പലിലും ജോഗേശ്വരി മേഖലയിലും നടത്തിയ പരിശോധനയിലാണ് രണ്ടുപേരെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പിടിയിലായ അര്‍ബാസ് മെര്‍ച്ചന്റുമായി എന്‍സിബി സംഘം തെളിവെടുപ്പ് തുടരുകയാണ്.

ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ടുപേരാണ് നിലവില്‍ എന്‍സിബിയുടെ കസ്റ്റഡിയിലുള്ളത്. ആഡംബര കപ്പലില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സംഘം നടത്തിയ മിന്നല്‍ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. മയക്കുമരുന്ന് എത്തിച്ചുനല്‍കിയവര്‍ക്കായി മുംബൈയില്‍ വിവിധ ഇടങ്ങളില്‍ റെയ്ഡ് നടക്കുകയാണ്.

Top