mumbai court – rape

മുംബൈ: സംസ്ഥാനത്തുടനീളം പീഡനത്തിന് ഇരയാകുന്നവര്‍ക്കായി ട്രോമാ കേന്ദ്രങ്ങള്‍ സജ്ജീകരിക്കണമെന്ന് മുംബൈ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പീഡനകേസുകള്‍ എഫ്.ഐ.ആര്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് ഉടന്‍ തന്നെ പീഡനത്തിന് ഇരകളാകുന്നവരുടെ ചികിത്സ, കൗണ്‍സിലിംഗ്, പുനരധിവാസം എന്നിവ ഉറപ്പാക്കാനാണ് ഇത്തരത്തിലുള്ള കേന്ദ്രങ്ങള്‍ വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത്.

ജസ്റ്റിസ് നരേഷ് പട്ടീല്‍ അധ്യക്ഷത വഹിച്ച ബഞ്ചാണ് സര്‍ക്കാര്‍ ട്രോമാ കേന്ദ്രങ്ങള്‍ സജ്ജീകരിക്കേണ്ട ആവശ്യകത നിരീക്ഷിച്ചത്. പീഡനത്തിന് ഇരയാകുന്നവര്‍ക്കായി ട്രോമാ കേന്ദ്രങ്ങള്‍ വേണം ബഞ്ച് ആവശ്യപ്പെട്ടു.

ഇപ്പോള്‍ ഇത്തരം വ്യക്തികളെ ദുര്‍ഘടാവസ്ഥയില്‍ തന്നെ തള്ളുന്ന അവസ്ഥയാണ് ഉള്ളത്. പീഡനത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ട്രോമാ കേന്ദ്രത്തെ കുറിച്ച് പറഞ്ഞത്.

2013 ഒക്ടോബറില്‍ സര്‍ക്കാര്‍ മനോധൈര്യ യോജന എന്നൊരു പദ്ധതി രൂപീകരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പീഡനത്തിന് ഇരയാകുന്നവര്‍ക്ക് രണ്ട് ലക്ഷം മുതല്‍ മൂന്നു ലക്ഷം വരെ നഷ്ടപരിഹാരം ലഭിക്കുമെന്നും കൂടാതെ അവര്‍ക്ക് ചികിത്സയും നിയമ സഹായവും കൗണ്‍സിലിംഗും പുനരധിവാസ സഹായങ്ങളും സര്‍ക്കാരില്‍ നിന്നും ലഭിക്കും.

മാത്രമല്ല ഇതുപ്രകാരം സര്‍ക്കാര്‍ ട്രോമാ കേന്ദ്രങ്ങള്‍ തുറക്കാന്‍ ബാധ്യസ്ഥരാണെന്നും എന്നാല്‍ ഇതുവരെ അതിനായുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇരകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് അതിനായി നിയമിക്കുന്ന ഒരു ഉന്നത കമ്മിറ്റിയാണ്.

നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ച പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെയും ലൈംഗിക പീഡനത്തിനിരയായ നാലുവയസുകാരിയുടെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഭര്‍ത്താവിന്റെ പീഡനത്തിനിരയായ കുട്ടിയും അവരുടെ കുഞ്ഞും ഒരു സംരക്ഷണ കേന്ദ്രത്തിലാണ് താമസിക്കുന്നത്. നാലു വയസുള്ള കുട്ടിയുടെ ചികിത്സക്ക് പണം ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.

Top