മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിഴ ഈടാക്കാന്‍ മുംബൈ കോര്‍പ്പറേഷന്‍

മുംബൈ: കോവിഡ് വ്യാപനം തടയുന്നതിനായി മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിഴ ഈടാക്കാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഒരു മാസത്തെ ക്യാമ്പയിന്‍ ആരംഭിച്ചു. കേന്ദ്രത്തിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കേസെടുക്കുമെന്നും പിഴ ചുമത്തുമെന്നും ബിഎംസി മുന്നറിയിപ്പ് നല്‍കി. ദിവസേന 20,000 നിയമലംഘകരെ കണ്ടെത്തുന്നതിനായി കോര്‍പ്പറേഷന്‍ 960 ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

ഒരു വലിയ വിഭാഗം ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നില്ലെന്നും ഇത് സ്ഥിതിഗതികള്‍ വഷളാക്കുമെന്നും മുന്‍സിപ്പല്‍ കമ്മീഷണര്‍ ഇക്ബാല്‍ സിങ് ചാഹല്‍ പറഞ്ഞു. ഇതുമൂലം നഗരം തുറക്കാന്‍ കാലതാമസം വരും. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്ത 20,000 പൗരന്മാരെ ദിവസേന കണ്ടെത്തി പിഴ ഈടക്കാനുള്ള ബൃഹത്തായ പ്രവര്‍ത്തനമാണ് ബിഎംസി ആരംഭിക്കുന്നതെന്നും ഇത് ഒരുമാസം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ ആദ്യവാരം മുതല്‍ മുംബൈ നഗരത്തില്‍ മുഖാവരണം ധരിക്കുന്നത് കോര്‍പ്പറേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. നിയമലംഘകരില്‍ നിന്ന് 200 രൂപ പിഴയും ഈടാക്കിയിരുന്നു. ഏപ്രില്‍ ആദ്യം മുതല്‍ ഓക്ടോബര്‍ ഒന്ന് വരെയുള്ള കാലത്ത് മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ 18,118 പേര്‍ക്കെതിരേ കേസുകളെടുത്തിരുന്നു. പിഴ ഇനത്തില്‍ 60 ലക്ഷം രൂപയും കോര്‍പ്പറേഷന് ലഭിച്ചു.

Top