മുംബൈ: ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകര സംഘടനയിലേക്ക് ആകൃഷ്ടയായ പെണ്‍കുട്ടിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന പൊലീസുകാരന് ഭീഷണിക്കത്ത്.
പുണെയിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ഉദ്യോഗസ്ഥനായ എസിപി ഭാനുപ്രതാപ് ബാര്‍ജിനെയും കുടുംബത്തെയും വധിക്കുമെന്നാണു ഐഎസിന്റെ ഭീഷണി.
പതിനാറു വയസ്സുള്ള മുസ്‌ലിം പെണ്‍കുട്ടിയെയാണ് കുടുംബത്തിന്റെയും മുസ്‌ലിം പുരോഹിതന്മാരുടെയും പിന്തുണയോടെ തിരികെ സാധാരണ ജീവിതത്തിലെത്തിച്ചത്. ഇതാണ് ഭീഷണിക്കത്തിനു പ്രേരകം. രണ്ടാഴ്ച മുന്‍പാണു കത്തു ലഭിച്ചത് കുറച്ചു നാളുകളായി പെണ്‍കുട്ടി പൊലീസ് നിരീക്ഷണത്തിലായിരുന്നു.
ഐഎസിന്റെ ഏതു നിര്‍ദേശവും അനുസരിക്കാന്‍ തയാറായിരുന്നുവെന്നു ചോദ്യംചെയ്യലില്‍ പെണ്‍കുട്ടി പൊലീസിനോടു സമ്മതിച്ചിരുന്നതായി എസിപി ബാര്‍ജ് നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഡി റാഡിക്കലൈസേഷന്‍ (തീവ്രവാദപരമായ ചിന്താഗതിയില്‍ നിന്നു തിരികെ കൊണ്ടുവരല്‍) പ്രോഗ്രാമിനു വിധേയമാക്കി സാധാരണ ജീവിതത്തിലേക്കു തിരികെ എത്തിക്കുകയായിരുന്നു.
ടിവിയില്‍ കണ്ട ഒരു ഡോക്യുമെന്ററിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഐഎസിലേക്ക് ആകര്‍ഷിച്ചത്. തുടര്‍ന്ന് ഇന്റര്‍നെറ്റ് വഴി ഐഎസുമായി ബന്ധപ്പെടുകയായിരുന്നു.
വിവിധ രാജ്യങ്ങളില്‍ നിന്ന് ഐഎസ് അനുഭാവമുള്ള ഏകദേശം ഇരുന്നൂറോളം യുവജനങ്ങളുമായി പെണ്‍കുട്ടി ബന്ധപ്പെട്ടിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസം സ്വീകരിക്കാനും മതവിഷയങ്ങളില്‍ പ്രാഥമിക ശിക്ഷണം നേടാനും സിറിയയിലെത്താന്‍ ഐഎസ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു.


