വിജയം തിരിച്ചു പിടിച്ച ബ്ലാസ്റ്റേഴ്‌സിന് മുംബൈ സിറ്റിയുടെ വെല്ലുവിളി

kerala blasters

മുംബൈ: ഞായറാഴ്ച നടക്കാനിരിക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മുംബൈ സിറ്റിയുടെ വെല്ലുവിളി. ഇരുടീമുകളും മുന്‍പ് കൊച്ചിയില്‍ കളിച്ചപ്പോള്‍ സമനിലയിലാണ് മത്സരം അവസാനിപ്പിച്ചത്. മാര്‍ക് സിഫ്‌നിയോസിസ് ബ്ലാസ്റ്റേഴ്‌സിനായും ബല്‍വന്ത് സിങ് മുംബൈക്കായും സ്‌കോര്‍ നേടിയിരുന്നു.

അതേസമയം പത്താം റൗണ്ട് പോരാട്ടത്തില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വീണ്ടുമെത്തുമ്പോള്‍ മത്സരം പ്രവചനാതീതമാണ്. രാത്രി എട്ടിന് മുംബൈ ഫുട്‌ബോള്‍ അരീനയിലാണ് മത്സരം നടക്കുക. ഡേവിഡ് ജെയിംസിന്റെ തന്ത്രങ്ങളും യുഗാണ്‍ഡ താരം കെസിറോണ്‍ കിസിത്തോയുടെ അംഗത്വവും മഞ്ഞപ്പടയ്ക്ക് കരുത്ത് നല്‍കുന്നുണ്ട്. സ്‌ട്രൈക്കര്‍ ഇയാന്‍ ഹ്യൂം ടീമിലെത്തിയത് ബ്ലസ്റ്റേഴ്‌സിന് ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.

ഹ്യൂമിനെ മുന്‍നിര്‍ത്തിയുള്ള മത്സരമായിരിക്കും ആസൂത്രണം ചെയ്യുക എന്നതാണ് ആരാധകരുടെ പ്രതീക്ഷ. പരിക്ക് മാറി സി.കെ. വിനീത് ശനിയാഴ്ച പരിശീലനത്തിന് ഇറങ്ങിയിരുന്നു. വിനീത് കളിച്ചില്ലെങ്കില്‍ അരാത്ത ഇസൂമി, മിലന്‍ സിങ്, സിയാം ഹംഗല്‍ എന്നിവരിലൊരാള്‍ കളത്തിലിറങ്ങും. വെസ് ബ്രൗണ്‍, സന്ദേശ് ജിംഗാന്‍, റിനോ ആന്റോ, ലാല്‍റുത്താര എന്നിവരാകും പ്രതിരോധനിര.

Top