ഇന്ത്യന്‍ ദേശീയ ഗാനം പാടി മുംബൈ സിറ്റിയുടെ വിദേശ താരം; ഏറ്റെടുത്ത് ആരാധകര്‍

മുംബൈ: ഐഎസ്എല്ലില്‍ ഓരോ മത്സരത്തിന് മുന്‍പും ഇന്ത്യന്‍ ദേശീയ ഗാനം ആലപിക്കാറുണ്ട്. ഈ സമയം ടീമുകളെല്ലാം വരിവരിയായി മൈതാനത്ത് അണിനിരക്കും. ഇത് അത്ര പുതുമയുള്ള കാര്യം അല്ലെങ്കിലും അടുത്തിടെ നടന്ന ഒരു ഐഎസ്എല്‍ മത്സരത്തിലെ ദേശീയ ഗാനം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. മുംബൈ സിറ്റിയുടെ മത്സരത്തിനിടെയായിരുന്നു ആ സംഭവം നടന്നത്.

മുംബൈ സിറ്റിയുടെ മത്സരങ്ങള്‍ക്ക് മുന്‍പ് ദേശീയ ഗാനം നടക്കുമ്പോള്‍ അവരുടെ റൊമാനിയന്‍ പ്രതിരോധതാരം ലൂസിയാന്‍ ഗോയനെ നോക്കിയാല്‍ അദ്ദേഹം ദേശീയ ഗാനത്തിന്റെ വരികള്‍ക്കനുസരിച്ച് ചുണ്ടുകള്‍ അനക്കുന്നത് നമുക്ക് കാണാന്‍ കഴിയും.

ഒരു വിദേശ ഫുട്‌ബോളര്‍ ഇന്ത്യന്‍ ദേശീയഗാനം ചൊല്ലുന്നത് ഏറെ ആവേശത്തോടെയാണ് ഇന്ത്യന്‍ കായിക ലോകം നോക്കിക്കാണുന്നത്. ലൂസിയാന്‍ ഗോയന്‍ ദേശിയ ഗാനത്തിനൊപ്പം ചുണ്ടനക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ തനിക്ക് ഇന്ത്യന്‍ ദേശീയ ഗാനത്തിന്റെ വരികള്‍ അറിയാമെന്നും, എല്ലാ മത്സരത്തിന് മുന്‍പും താന്‍ ദേശീയ ഗാനം ആലപിക്കാറുണ്ടെന്നും ലൂസിയന്‍ ഗോയന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍.

മുംബൈ സിറ്റി ടീമിന്റെ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിംഗ് മത്സരങ്ങള്‍ക്ക് മുമ്പ് ദേശീയ ഗാനം പാടുമ്പോള്‍ താനും അദ്ദേഹത്തിനൊപ്പം ചേരാറുണ്ടെന്നും ഗോയന്‍ വ്യക്തമാക്കി. റൊമാനിയയില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തേക്കെത്തിയ താരമാണ് ഗോയന്‍.

Top