എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ മുംബൈസിറ്റിക്ക് തോല്‍വി

പുണെ: എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ മുംബൈ സിറ്റിക്ക് പരാജയത്തോടെ തുടക്കം. ഇറാനിയന്‍ കപ്പ് ജേതാക്കളായ നസ്സാജി മസന്ദരനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ക്ലബ്ബിന്റെ തോല്‍വി. ഇറാന്‍ ക്ലബ്ബിന്റെ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് അരങ്ങേറ്റം കൂടിയായിരുന്നു ഇത്.

13 ഷോട്ടുകളാണ് മത്സരത്തില്‍ മുംബൈ താരങ്ങളില്‍ നിന്നുണ്ടായത്. പക്ഷേ ഇവയ്ക്കൊന്നും ഇറാന്‍ ക്ലബ്ബിന്റെ പ്രതിരോധം ഭേദിക്കാനായില്ല.ലാലിയന്‍സുല ചാങ്തെ, ഗ്രെഗ് സ്റ്റീവര്‍ട്ട്, ബിപിന്‍ സിങ്, പെരെയ്ര ഡിയാസ് എന്നിവരെല്ലാം മുംബൈ നിരയിലുണ്ടായിരുന്നു. ഇറാനിയന്‍ ഡിഫന്‍ഡര്‍മാരുടെ ശാരീരികക്ഷമതയും ഒരു അര്‍ധാവസരങ്ങള്‍ പോലും ഗോളാക്കിമാറ്റാല്‍ കെല്‍പ്പുള്ള ഒരു ക്ലിനിക്കല്‍ സ്ട്രൈക്കറുടെ അഭാവവും മുംബൈക്ക് തിരിച്ചടിയായി.

ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ 34-ാം മിനിറ്റില്‍ എഹ്സാന്‍ ഹൊസൈനിയും 62-ാം മിനിറ്റില്‍ മുഹമ്മദ് റെസ ആസാദിയുമാണ് നസ്സാജിക്കായി സ്‌കോര്‍ ചെയ്തത്. പുണെയിലെ ബാലെവാഡി സ്റ്റേഡിയത്തിലായിരുന്നു മത്സരം.

 

Top