ഐഎസ്എല്ലിൽ ബെംഗളൂരുവിനെ മുട്ടുകുത്തിച്ച് മുംബൈ സിറ്റി; ഇരട്ട ഗോൾ നേടി വിക്രം പ്രതാപ് സിംഗ്

 ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്‌സിക്ക് വിജയം. ബെംഗളൂരു എഫ്‌സിയ്‌ക്കെതിരെ മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. വിക്രം പ്രതാപ് സിങ് മുംബൈയുടെ രണ്ട് ഗോളുകളും നേടിത്തിളങ്ങി.

സ്വന്തം തട്ടകമായ മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യമാണ് മുംബൈ പുലര്‍ത്തിയത്. 42-ാം മിനിറ്റില്‍ വിക്രം പ്രതാപ് സിങ് ആദ്യ ഗോള്‍ നേടി ആതിഥേയരെ മുന്നിലെത്തിച്ചു. ലാലിയന്‍സുവാല ചാങ്‌തെയായിരുന്നു ഗോളിന് വഴിയൊരുക്കിയത്. 58-ാം മിനിറ്റില്‍ വിക്രം വീണ്ടും ഗോള്‍ നേടി വിജയം ഉറപ്പിച്ചു.

വിജയത്തോടെ മുംബൈ സിറ്റി 28 പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് നാലാം സ്ഥാനത്തേക്ക് മുന്നേറി. പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് നിലവില്‍ അഞ്ചാം സ്ഥാനത്താണ്. 16 മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുള്ള ബെംഗളൂരു പത്താമതാണ്.

Top