പുല്‍വാമ: ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 110 കോടിയുടെ സഹായ വാഗ്ദാനവുമായി വ്യാപാരി

മുംബൈ: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി ആര്‍ പി എഫ് ജവാന്മാരുടെ കുടുംബത്തിന് വന്‍ തുകയുടെ സഹായ വാഗ്ദാനവുമായി മുംബൈയില്‍ നിന്നുള്ള വ്യാപാരി. ജവാന്മാരുടെ കുടുംബത്തിന് 110 കോടിരൂപയുടെ സഹായമാണ് മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുര്‍ത്താസ എ ഹമീദ് എന്ന നാല്‍പ്പത്തിനാലുകാരന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംങ്ങള്‍ക്കു വേണ്ടി രൂപവത്കരിച്ച പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസനിധിയിലേക്കാണ് 110 കോടി രൂപ സംഭാവന ചെയ്യാന്‍ മുര്‍ത്താസ തയ്യാറായത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കൂടിക്കാഴ്ചയ്ക്ക് അനുമതി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് മുര്‍ത്താസ ഇ മെയില്‍ അയക്കുകയും ചെയ്തിട്ടുണ്ട്.തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ ഇമെയില്‍ മുഖാന്തരം അയക്കാന്‍ ദേശീയ ദുരിതാശ്വാസ നിധി ഡെപ്യൂട്ടി സെക്രട്ടറി അഗ്‌നി കുമാര്‍ ദാസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുര്‍ത്താസ പറഞ്ഞു.

കോട്ട സ്വദേശിയായ മുര്‍ത്താസ ജന്മനാ കാഴ്ചവൈകല്യമുള്ള ആളാണ് കോട്ട ഗവണ്‍മെന്റ് കൊമേഴ്സ് കോളേജില്‍നിന്ന് കൊമേഴ്സില്‍ ബിരുദം നേടിയ മുര്‍ത്താസ നിലവില്‍ ഗവേഷകനും ശാസ്ത്രജ്ഞനുമായി മുംബൈയില്‍ ജോലി നോക്കുകയാണ്.

Top