അടുത്ത മത്സരത്തില്‍ ഹര്‍ദ്ദിക് പാണ്ഡ്യ കളിച്ചേക്കുമെന്ന് മുംബൈ ബൗളിംഗ് പരിശീലകന്‍

മുംബൈ: അടുത്ത മത്സരത്തില്‍ ഹര്‍ദ്ദിക് പാണ്ഡ്യ ടീമില്‍ കളിച്ചേക്കുമെന്ന് മുംബൈ ഇന്ത്യന്‍സ് ബൗളിംഗ് പരിശീലകന്‍ ഷെയിന്‍ ബോണ്ട്. താരം നന്നായി പരിശീലനം നടത്തുന്നുണ്ടെന്നും അടുത്ത മത്സരത്തില്‍ തന്നെ ഹര്‍ദ്ദിക് ടീമില്‍ ഉള്‍പ്പെടാന്‍ ഇടയുണ്ടെന്നും ബോണ്ട് വ്യക്തമാക്കി. ഈ മാസം 26ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം.

‘ഹര്‍ദ്ദിക് നന്നായി പരിശീലിക്കുന്നുണ്ട്. കളിക്കുന്നതിലേക്ക് അടുത്തെത്തിക്കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സിനും ഇന്ത്യന്‍ ടീമിനും ബാലന്‍സ് നല്‍കാനാണ് ഞങ്ങളുടെ ശ്രമം. താരങ്ങളെ സംരക്ഷിക്കലാണ് ഞങ്ങളുടെ ഫ്രാഞ്ചൈസി നന്നായി ചെയ്യുന്ന ഒരു കാര്യം. ഐപിഎല്‍ വിജയിക്കുക മാത്രമല്ല, അടുത്ത മാസം ആരംഭിക്കുന്ന ടി-20 ലോകകപ്പും ഞങ്ങളുടെ പരിഗണനയിലുണ്ട്. അതുകൊണ്ട്, അടുത്ത മത്സരത്തില്‍ തന്നെ ഹര്‍ദ്ദിക് പാണ്ഡ്യ കളിച്ചേക്കും.”- ബോണ്ട് പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ടിരുന്നു. ഏഴ് വിക്കറ്റിനാണ് കൊല്‍ക്കത്ത വിജയിച്ചത്.

 

Top