മുംബൈ സ്‌ഫോടനം ; താഹിര്‍ മെര്‍ച്ചന്റിനും ഫിറോസ് ഖാനും വധശിക്ഷ

court

മുംബൈ: 257 പേരുടെ മരണത്തിനിടയാക്കിയ 1993-ലെ മുംബൈ സ്‌ഫോടനക്കേസില്‍ രണ്ടു പ്രതികള്‍ക്കു വധശിക്ഷ.

പ്രതികളായ താഹിര്‍ മെര്‍ച്ചന്റിനും ഫിറോസ് ഖാനുമാണ് മുംബൈയിലെ ടാഡാ കോടതി വധശിക്ഷ വിധിച്ചത്.

അധോലോക നായകന്‍ അബു സലേമിനും കൂട്ടുപ്രതി കരീമുള്ള ഖാനും ജീവപര്യന്തം വിധിച്ച കോടതി മറ്റൊരു പ്രതിയായ റിയാസ് സിദ്ധീഖിക്ക് 10 വര്‍ഷത്തെ തടവുശിക്ഷയും വിധിച്ചു.

പോര്‍ച്ചുഗല്‍ പൗരത്വമുള്ള അബു സലേമിനെ അവിടെനിന്നു വിട്ടുകിട്ടുന്നതിനുള്ള നിബന്ധനകളിലൊന്ന് വധശിക്ഷ ഒഴിവാക്കിയുള്ള വകുപ്പുകളേ ചുമത്തുകയുള്ളെന്നായിരുന്നു. ഈ ധാരണമൂലമാണ് അബു സലേമിന് വധശിക്ഷ ഒഴിവായത്.

കേസില്‍ മുഖ്യപ്രതിയായ ടൈഗര്‍ മേമനുമായി ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടെന്നു തെളിഞ്ഞതിനാലാണ് താഹിര്‍ മെര്‍ച്ചന്റിനും ഫിറോസ് ഖാനും വധശിക്ഷ വിധിച്ചത്.

257 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനക്കേസില്‍ വധശിക്ഷവരെ കിട്ടാവുന്ന കുറ്റമാണു പ്രതികള്‍ക്കെതിരെ തെളിയിക്കപ്പെട്ടത്. 1993 മാര്‍ച്ച് 12-നു മുംബൈയില്‍ പന്ത്രണ്ടിടത്തായി നടന്ന സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്തവര്‍ക്കു ഗുജറാത്തില്‍നിന്ന് ആയുധം എത്തിച്ചു നല്‍കിയതാണു കേസ്.

ആയുധക്കടത്തിനായി ഗൂഢാലോചന നടത്തിയതില്‍ അബു സലേം, മുസ്തഫദോസ, ഫിറോസ് അബ്ദുല്‍ റാഷിദ്ഖാന്‍, താഹിര്‍ മെര്‍ച്ചന്റ്, റിയാസ് സിദ്ധീഖി, കരീമുള്ളാ ഖാന്‍ എന്നിവര്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു, ഒരാളെ വെറുതേവിട്ടു.

എന്നാല്‍, വിചാരണയ്ക്കിടെ കഴിഞ്ഞമാസം പ്രധാന പ്രതികളിലൊരാളായ മുസ്തഫദോസ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. ബാക്കിയുള്ള അഞ്ചുപേരുടെ ശിക്ഷയാണു കോടതി വിധിച്ചത്.

സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ യാക്കൂബ് മേമനെ രണ്ടുവര്‍ഷം മുന്‍പു തൂക്കിലേറ്റിയിരുന്നു. എന്നാല്‍, കേസിന്റെ വിചാരണ ആരംഭിച്ചശേഷമാണു വിദേശത്ത് ഒളിച്ചുതാമസിച്ച അബു സലേമക്കമുള്ളവരെ പിടികൂടിയത്. അതിനാല്‍, കേസ് പ്രത്യേകമായാണു പരിഗണിച്ചത്.

Top