രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയെ 169 റണ്‍സിന് കീഴടക്കിയ മുംബൈക്ക് കിരീടം

മുംബൈ: രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയെ 169 റണ്‍സിന് കീഴടക്കിയ മുംബൈക്ക് കിരീടം. 538 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ വിദര്‍ഭ അവസാന ദിവസം ആദ്യ സെഷനില്‍ അക്ഷയ് വാഡ്കറുടെ സെഞ്ചുറിയുടെയും ഹര്‍ഷ് ദുബെയുടെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 333 റണ്‍സിലെത്തിയെങ്കിലും ലഞ്ചിനുശേഷം വാഡ്കറും ദുബെയും മടങ്ങിയതോടെ 368 റണ്‍സിന് ഓള്‍ ഔട്ടായി.

248-5 എന്ന സ്‌കോറില്‍ അവസാന ദിവസം ക്രീസിലിറങ്ങിയ വിദര്‍ഭ ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമാവാതെ പിടിച്ചു നിന്നതോടെ അപ്രതീക്ഷിത വിജയം നേടുമെന്ന പ്രതീക്ഷ ഉണര്‍ത്തിയിരുന്നു. വാഡ്കറുടെ സെഞ്ചുറിയും(102) ദുബെയുടെ അര്‍ധസെഞ്ചുറിയും(65) ആണ് വിദര്‍ഭക്ക് പ്രതീക്ഷ നല്‍കിയത്. എന്നാല്‍ ലഞ്ചിന് തൊട്ട് പിന്നാലെ വാഡ്കറെ തനുഷ് കൊടിയാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി വിദര്‍ഭക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. തൊട്ട് പിന്നാലെ ദുബെയെ തുഷാര്‍ ദേശ്പാണ്ഡെ ഷംസ് മുലാനിയുടെ കൈകളിലെത്തിച്ചതോടെ വിദര്‍ഭയുടെ പോരാട്ടം അവസാനിച്ചു. വിദര്‍ഭയുടെ അവസാന അഞ്ച് വിക്കറ്റുകള്‍ 35 റണ്‍സെടുക്കുന്നതിനിടെയാണ് വിദര്‍ഭക്ക് നഷ്ടമായത്. നാലു വിക്കറ്റ് വീഴ്ത്തിയ തനുഷ് കൊടിയാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ തുഷാര്‍ ദേശ്പാണ്ഡെയും മുഷീര്‍ ഖാനുമാണ് മുംബൈക്കായി ബൗളിംഗില്‍ തിളങ്ങിയത്.

രഞ്ജിയില്‍ മുംബൈയുടെ 42-ാം കിരീടമാണിത്. 2015-2016 സീസണില്‍ സൗരാഷ്ട്രയെ തോല്‍പ്പിച്ച് കിരീടം നേടിയശേഷം മുംബൈ ആദ്യമായാണ് രഞ്ജി കിരീടം നേടുന്നത്. രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ടീമും മുംബൈ ആണ്. എട്ട് തവണ കിരീടം നേടിയിട്ടുള്ള കര്‍ണാടക ആണ് രണ്ടാമത്. സ്‌കോര്‍ മുംബൈ 224, 418, വിദര്‍ഭ 105, 368.അവസാന ഫസ്റ്റ് ക്ലാസ് മത്സരം കളിച്ച മുംബൈ പേസര്‍ ധവാല്‍ കുല്‍ക്കര്‍ണി ഉമേഷ് യാദവിനെ ക്ലീന്‍ ബൗള്‍ഡാക്കി വിരമിക്കല്‍ അവിസ്മരണീയമാക്കിയതോടെ ആഭ്യന്തര ക്രിക്കറ്റില്‍ ഒരിക്കല്‍ കൂടി മുംബൈ വമ്പ് കാട്ടി. കൂറ്റന്‍ വിജയലകഷ്യം തേടിയിറങ്ങിയ വിദര്‍ഭക്ക് നാലാം ദിനം കടുത്ത പ്രതിരോധവുമായി ക്രീസില്‍ നിന്ന മലയാളി താരം കരുണ്‍ നായരും വാഡ്കറും ചേര്‍ന്നാണ് എളുപ്പം ജയിക്കാമെന്ന മുംബൈയുടെ പ്രതീക്ഷകള്‍ തകര്‍ത്തത്. 220 പന്ത് നേരിട്ട കരുണ്‍ നായര്‍ മൂന്ന് ബൗണ്ടറികള്‍ മാത്രം നേടിയാണ് 74 റണ്‍സെടുത്ത് പുറത്തായിരുന്നു.

Top