വനിതാ സീനിയര്‍ വണ്‍ഡേ ട്രോഫി; നാഗാലാന്‍ഡിനെ 17 റണ്‍സിന് ചുരുട്ടിക്കൂട്ടി മുംബൈ

നിതാ സീനിയര്‍ വണ്‍ഡേ ട്രോഫിയില്‍ നാഗാലാന്‍ഡിനെ 17 റണ്‍സിന് ചുരുട്ടിക്കൂട്ടി മുംബൈ. മറുപടി ബാറ്റിങില്‍ മുംബൈ നാല് പന്തുകളില്‍ ലക്ഷ്യം മറികടക്കുകയും ചെയ്തു. വനിതാ സീനിയര്‍ വണ്‍ ഡേ ട്രോഫിയുടെ ഗ്രൂപ്പ് ഘട്ട മത്സരത്തിലായിരുന്നു ഇങ്ങനെയൊരു പുറത്താകലും ചേസിങും. മുംബൈ പേസ് ബൗളര്‍ സയാലി സത്ഗറിന്റെ കിടിലന്‍ ബൗളിങാണ് നാഗാലാന്റിനെ തകര്‍ത്തത്.

ടോസ് നേടിയ നാഗാലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് ഓവര്‍ എറിഞ്ഞ സയാലി വീഴ്ത്തിയത് ഏഴ് വിക്കറ്റുകള്‍. ഏഴാം നമ്പറിലെത്തിയ സരിബയാണ് നാഗാലാന്‍ഡിന്റെ ടോപ് സ്‌കോറര്‍. അതും 9 റണ്‍സ്! മറ്റൊരു ടോപ് സ്‌കോറര്‍ എക്സ്ട്രയായി ലഭിച്ച മൂന്ന് റണ്‍സ്. ആറ് ബാറ്റ്സ്മാന്മാര്‍ അക്കൗണ്ട് തുറക്കും മുമ്പെ മടങ്ങി. മൂന്നു പേര്‍ ഒരോ റണ്‍സ് വീതം എടുത്തു. മറുപടി ബാറ്റിങില്‍ മുംബൈക്ക് ലക്ഷ്യത്തിലെത്താന്‍ വെറും നാല് പന്തുകളെ വേണ്ടിവന്നുള്ളൂ. മുംബൈ ഓപ്പണര്‍ ഇഷ ഒസ ആദ്യത്തെ മൂന്ന് പന്തുകളും അതിര്‍ത്തി കടത്തി.

അതിനിടെ ഒരു നോബോളും കൂടി എറിഞ്ഞതോടെ വിജയം ഒന്നുകൂടി എളുപ്പമായി. നാലാം പന്ത് സിക്സറടിച്ചാണ് മുംബൈ ഓപ്പണര്‍ വിജയത്തിലെത്തിച്ചത്. സ്‌കോര്‍ബോര്‍ഡ് ചുരുക്കത്തില്‍: നാഗാലാന്‍ഡ് 17.4 ഓവറില്‍ 17ന് എല്ലാവരും പുറത്ത്. മുംബൈ 20/00.4 ഓവര്‍. മുംബൈയുടെ ജയം പത്ത് വിക്കറ്റിന്.

 

Top