മുംബൈ ബാര്‍ജ് ദുരന്തം; മരണപ്പെട്ടവരില്‍ വയനാട് സ്വദേശിയും

മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍പ്പെട്ട് അറബിക്കടലില്‍ ബാര്‍ജ് മുങ്ങിയുണ്ടായ ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും. വയനാട് പള്ളിക്കുന്ന് ഏച്ചോം സ്വദേശി ജോമിഷ് ജോസഫാണ് (35) മരിച്ചത്. ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലക്ട്രിക്കല്‍സിലെ ജീവനക്കാരനായിരുന്നു.

അപകടത്തില്‍ പി-305 ബാര്‍ജിലെ 186 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്താനായത്. 37 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇനി 38 പേരെക്കൂടി കണ്ടെത്താനുണ്ട്. മൂന്നുദിവസം നീണ്ട കഠിനപ്രയത്‌നത്തിലാണ് നാവികസേനയും തീരരക്ഷാ സേനയും ചേര്‍ന്ന് 186 പേരെ രക്ഷപ്പെടുത്തിയത്.

ഇവരെയും കണ്ടെടുത്ത മൃതദേഹങ്ങളും വഹിച്ചുകൊണ്ട് നാവികസേനയുടെ ഐ.എന്‍.എസ്. കൊച്ചി എന്ന കപ്പല്‍ ബുധനാഴ്ച മുംബൈ തുറമുഖത്തെത്തി. മറ്റൊരു ബാര്‍ജായ ഗാല്‍ കണ്‍സ്ട്രക്ടറിലെ 137 പേരെ ചൊവ്വാഴ്ച രക്ഷപ്പെടുത്തിയിരുന്നു.

ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ച തിങ്കളാഴ്ച മുംബൈയില്‍നിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ മുങ്ങിപ്പോയ ഭീമന്‍ ചങ്ങാടത്തില്‍ എണ്ണ ഖനനവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്ന 261 പേരാണ് ഉണ്ടായിരുന്നത്.

മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും എല്ലാ മൃതദേഹങ്ങളും ബാര്‍ജിലുള്ളവരുടേതു തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും നാവികസേനാ അധികൃതര്‍ അറിയിച്ചു. മുംബൈയ്ക്കടുത്ത് നങ്കൂരമിട്ടുകിടന്ന മൂന്ന് ബാര്‍ജുകളും ഒരു റിഗ്ഗുമാണ് അപകടത്തില്‍പ്പെട്ടത്.

മരണങ്ങള്‍ സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ടായിട്ടും ബാര്‍ജ് പി-305 ഇവിടെ തുടര്‍ന്നത് സംബന്ധിച്ച് അന്വേഷണം മുംബൈ പൊലീസ് പ്രഖ്യാപിച്ചു.

Top