വിമാനയാത്രയ്ക്കിടെ നാലു മാസം പ്രായമായ കുഞ്ഞ് മരിച്ചു

മുംബൈ: സൂററ്റില്‍ നിന്നു മുംബൈയിലേക്കുള്ള വിമാനയാത്രയ്ക്കിടെ നാലു മാസം പ്രായമായ കുഞ്ഞ് മരിച്ചു. മുംബൈയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ കുഞ്ഞിനു അനക്കമില്ലെന്ന് അമ്മ പ്രീതി ജിന്‍ഡല്‍ വിമാന ജീവനക്കാരെ അറിയിക്കുകയായിരുന്നു. പ്രീതിയുടെ മാതാപിതാക്കളും വിമാനത്തില്‍ ഉണ്ടായിരുന്നു.

സ്‌പൈസ് ജെറ്റിന്റെ എസ്ജി 2763 വിമാനം മുംബൈയില്‍ ലാന്‍ഡ് ചെയ്തതിനു പിന്നാലെയാണ് കുഞ്ഞിന് അനക്കമില്ലെന്ന് അമ്മ അറിയിച്ചതെന്നു വക്താവ് പറഞ്ഞു. പുലര്‍ച്ചെ 5.30ന് കുഞ്ഞിന് ഭക്ഷണം നല്‍കിയതായും ശേഷം കുഞ്ഞ് ഉറങ്ങിയതായും അമ്മ പറയുന്നു. കുഞ്ഞ് ഉറങ്ങുകയാണെന്നു തെറ്റിദ്ധരിച്ചതാണു ശ്രദ്ധിക്കാന്‍ വൈകിയതെന്നും അവര്‍ പറഞ്ഞു.

പാര്‍ക്കിങ് ബേയിലേക്കു കടക്കുന്നതിനിടയിലാണു വിമാനത്തില്‍ നിന്നും കണ്ട്രോള്‍ റൂമിലേക്ക് വൈദ്യസഹായം ആവശ്യപ്പെട്ടത്. വിമാനം ലാന്‍ഡ് ചെയ്തതിനു തൊട്ടുപിന്നാലെ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചിരുന്നു. അപകടമരണത്തിനു സഹര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷം പ്രതികരിക്കാമെന്നു പൊലീസ് അറിയിച്ചു.

Top