മുംബൈ ഭീകരാക്രമണം; ഇന്ത്യന്‍ സുരക്ഷാ മാനദണ്ഡങ്ങളെ മാറ്റിമറിച്ച പത്തു വര്‍ഷങ്ങള്‍. .

MUMBAI

മുംബൈ: വീണ്ടും നവംബര്‍ 26 എത്തുന്നു. പത്ത് വര്‍ഷം മുന്‍പ് രാജ്യത്തെ ആകെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന്റെ ഭയം ഇന്നും വിട്ടൊഴിഞ്ഞിട്ടില്ല. 166 പേര്‍ക്കാണ് താജ് ഹോട്ടലില്‍ നടന്ന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. കശ്മീര്‍ പ്രതിസന്ധിയേക്കാള്‍ മുകളിലാണ് ഇന്ത്യ നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ എന്നു തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. പാക്കിസ്ഥാനെ അപേക്ഷിച്ച് ഇന്ത്യ വികസനത്തിന്റെ പാതയില്‍ വളരെ മുന്നോട്ട് പോയത് സുരക്ഷ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയെ ആണ് ചൂണ്ടിക്കാട്ടിയത്.

ഇന്ന് പാക്കിസ്ഥാന്റെ ഭരണ ചക്രത്തിന്റെ നിയന്ത്രണം ഇമ്രാന്‍ഖാന്റെ കൈകളിലാണെങ്കിലും അവ ഇന്ത്യയ്ക്ക് പ്രതീക്ഷിക്കുന്ന തരത്തിലുള്ള സ്വസ്ഥത തരുന്നില്ല. അതി തീവ്ര ഇസ്ലാമിക വാദം തന്നെയാണ് പാക്ക് മനസ്സുകളെ ഇപ്പോഴും നയിക്കുന്നത്. ഇതിന്റെ തെളിവാണ് ആസിയാ ബിവി കേസ്. ഇമ്രാന്‍ ഖാന്‍ സ്വപ്‌നം കാണുന്നത് എല്ലായിടത്തും മാറ്റങ്ങള്‍ കൊണ്ടു വരാന്‍ സാധിക്കുന്ന പുതു പാക്കിസ്ഥാനാണ്. പ്രവാചകന്‍ മുഹമ്മദിന്റെ മദീനയെപ്പോലെ സുന്ദരമായിരിക്കണം തന്റെ സ്വപ്‌ന രാജ്യം എന്നാണ് ആഗ്രഹം.

ഇന്ത്യയിലും ജാതി-മത പ്രശ്‌നങ്ങള്‍ അത്രയധികം ഗുരുതരമാണോ എന്നതാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ ഉയരുന്ന പ്രധാന ചര്‍ച്ചാ വിഷയം. 2014 തെരഞ്ഞെടുപ്പില്‍ പരിവര്‍ത്തന്‍, വികാസ് എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് മോദി തരംഗത്തില്‍ ബിജെപി അധികാരത്തിലെത്തിയത്. അടുത്ത വര്‍ഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പരാജയപ്പെട്ടാല്‍ ഈ വികസന വാഗ്ദാനങ്ങള്‍ ശരിയായ വിധം പാലിക്കാന്‍ സാധിച്ചിട്ടില്ല എന്നു വേണം വിലയിരുത്താന്‍.

pak terrorist

സമാധാന ശ്രമങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട് എന്നാണ് പൊതു അഭിപ്രായം. എന്നാല്‍, ശ്രമങ്ങള്‍ ഫലപ്രദമായില്ല എന്നതാണ് സത്യം. പാക്കിസ്ഥാന്‍ തീവ്രവാദികള്‍ കശ്മീരില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ യുവത്വം ആകൃഷ്ടരാകുന്നത് ഡല്‍ഹിയിലെ ഇടപെടലുകള്‍ പര്യാപ്തമല്ലാത്തതിനാലാണ്.

സമാനമായ സാഹചര്യങ്ങളാണ് എണ്‍പതുകളുടെ അവസാനം പാക്കിസ്ഥാന്‍ യുവജനങ്ങളിലും സംഭവിച്ചത്. അതേ അവസ്ഥയിലേയ്ക്ക് ഇന്ത്യയെയും കൊണ്ടു ചെന്നെത്തിക്കുന്ന സംഭവങ്ങളാണ് മുംബൈ ആക്രമണത്തിന് ശേഷവും നടക്കുന്നത്. തീരദേശ സുരക്ഷ ശക്തിപ്പെടുത്തണം എന്ന തിരിച്ചറിവാണ് പത്ത് വര്‍ഷം മുന്‍പ് ഉണ്ടായത്. എന്നാല്‍, ഇന്നും അതിന് പരിഹാരമായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

കടലാണ് ഇന്ന് ഭീകരരുടെ ഇഷ്ട സഞ്ചാരപഥം. ഇതോടെ ഇന്റലിജന്‍സ് കൂടുതല്‍ ക്രിയാത്മകവും അത്യാധുനികവുമാകേണ്ടത്
അനിവാര്യമായി. ലോകവ്യാപരത്തിന്റെ 90 ശതമാനവും കടല്‍മാര്‍ഗമായതിനാല്‍ ഇത് കൂടുതല്‍ ദുഷ്‌ക്കരമാകും. ലഷ്‌കര്‍ ഇ തൊയിബയും അല്‍ ശഹാബും ഒന്നിച്ചതോടെ ഭീകരരുടെ കടല്‍ വഴിയുള്ള ഭീകരപ്രവര്‍ത്തനത്തിന് ആക്കം കൂടുന്നു.

modi imran

മുംബൈ ആക്രമണത്തിന് ശേഷം പിന്നീടും ഉറി ആക്രമണങ്ങള്‍ അടക്കമുള്ളവ ഉണ്ടായി. പുല്‍വാമയുടെ താഴ്വര പുകഞ്ഞു കൊണ്ടിരിക്കുന്നു. തിരിച്ചടികള്‍ നടക്കുന്നു. . എന്നാല്‍, പൂര്‍ണ്ണമായും സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് അന്ത്യമായിട്ടില്ല. മുംബൈയില്‍ പോലും ഇപ്പോഴും ആക്രമണ സാധ്യതകള്‍ നിലനില്‍ക്കുന്നു. വിവിഐപി ലേബല്‍ സ്വന്തമായുണ്ടെങ്കില്‍ മാത്രം സുരക്ഷ ലഭിക്കുന്ന സ്ഥിതിവിശേഷം ഒരിക്കലും ഭൂഷണമല്ല. പാക്കിസ്ഥാനില്‍ ഇസ്ലാമിക തീവ്രവാദം ശക്തി പ്രാപിക്കുമ്പോള്‍ ഹിന്ദുത്വ തീവ്രവാദം കൊണ്ട് മത്സരിക്കുകയല്ല, പകരം സുരക്ഷാ സംരക്ഷണത്തില്‍ ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടത്.

റിപ്പോര്‍ട്ട്: എ.ടി അശ്വതി

Top