ഇന്ത്യയിലേക്ക് അയക്കരുത്; കടമെടുത്ത് രാജ്യംവിട്ട വിജയ്മല്യ കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട വ്യവസായി വിജയ് മല്യ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് തിരികെ അയക്കാനുള്ള നീക്കത്തിനെതിരെ കോടതിയിലേക്ക്. ഇന്നലെയാണ് റോയല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ മല്യ അപ്പീല്‍ നല്‍കിയത്. മജിസ്‌ട്രേറ്റ് കോടതി വിധിയില്‍ പിഴവുകള്‍ ഉണ്ടെന്ന് കാട്ടിയാണ് അപ്പീല്‍ നല്‍കിയത്. 2017 ഫെബ്രുവരിയിലാണ് സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയായ വിജയ് മല്യയെ വിട്ടുനല്‍കണമെന്ന് ഇന്ത്യ ഔദ്യോഗികമായി ബ്രിട്ടണോട് ആവശ്യപ്പെട്ടത്.

ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന കീഴ്ക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ വിജയ് മല്യ ചൊവ്വാഴ്ച ലണ്ടനിലെ റോയല്‍ഹൈക്കോടതിയിലെത്തി. അറസ്റ്റിലായതിന് പിന്നാലെ ജാമ്യത്തിലിറങ്ങിയ മല്യ രാജ്യം വിടുകയായിരുന്നു. മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ നേരത്തേ കോടതി അനുമതി നല്‍കിയിരുന്നു. അപ്പീലില്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ചവരെ റോയല്‍ ഹൈക്കോടതി വാദം കേള്‍ക്കും.

Top