Mullapperiyar; kerala-fight-Tamilnadu

ആലപ്പുഴ : മുല്ലപ്പെരിയാറില്‍ പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കേസ് കൊടുക്കാനുള്ള നീക്കം സംസ്ഥാനം ഉപേക്ഷിച്ചു.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാരിനോടും തമിഴ്‌നാടിനോടും മൃദുസമീപനം മതിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.കേസിനു പകരം തമിഴ്‌നാടുമായി അനുരഞ്ജന ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിച്ചാല്‍ മതിയെന്നു മുല്ലപ്പെരിയാര്‍ സെല്ലിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

മുല്ലപ്പെരിയാറില്‍ കേരളം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ അണക്കെട്ടിന്റെ പരിസ്ഥിതി ആഘാത പഠനത്തിനു നല്‍കിയിരുന്ന അനുമതി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പിന്‍വലിച്ചിരുന്നു. തമിഴ്‌നാടിന്റെ സമ്മര്‍ദഫലമായാണ് ഇതെന്ന് ആക്ഷേപം ഉയരുകയും ചെയ്തു. വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കണമെന്ന് ഉദ്യോഗസ്ഥതലത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.

മുല്ലപ്പെരിയാര്‍ കേസിലെ സുപ്രീം കോടതി വിധിയെ പരാമര്‍ശിച്ചാണ് വനം, പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി ആഘാതപഠനത്തിനുള്ള അനുമതി നിഷേധിച്ചതെങ്കിലും നിയമപരമായി ഈ നടപടി നിലനില്‍ക്കില്ലെന്നാണു ജലവിഭവ വകുപ്പിനു ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തില്‍ കേസ് നടത്താന്‍ അനുമതിക്കായി ഫയല്‍ സര്‍ക്കാരില്‍ എത്തി. ഇതോടെ, മുഖ്യമന്ത്രിയുടെ നേരിട്ടു നിയന്ത്രണത്തിലുള്ള അന്തര്‍സംസ്ഥാന നദീജല വകുപ്പ് നിലപാടു മാറ്റുകയായിരുന്നു.

Top