മുഖ്യമന്ത്രിയ്ക്ക് പരാജയ ഭീതി, വര്‍ഗീയതയെ കൂട്ടുപിടിക്കുന്നുവെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വികസന നേട്ടങ്ങളെ കുറിച്ച് ഒന്നും പറയാനില്ലാത്തിനാല്‍ മുഖ്യമന്ത്രി വര്‍ഗീയതെ കൂട്ടുപിടിച്ച് വിലാപം നടത്തുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയ ശക്തികളുമായി തരാതരം സഖ്യമുണ്ടാക്കിയവരാണ് സിപിഐഎം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയ പാര്‍ട്ടികളുമായി രഹസ്യ ധാരണ ഉണ്ടാക്കിയാണ് സിപിഐഎം മുന്നോട്ട് പോകുന്നത്.

സംസ്ഥാനത്ത് 2500 വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതിരുന്നത് സിപിഐഎമ്മിനെ സഹായിക്കാനാണ്. താന്‍ തുടര്‍ച്ചയായി ഈ ആരോപണം ഉന്നയിച്ചിട്ടും സിപിഐഎമ്മിന്റെയും ബിജെപിയുടെയും നേതൃത്വം ഇതിന് മറുപടി നല്‍കാന്‍ തയാറാകാത്തത് ഇരുവരും തമ്മിലുള്ള ധാരണയ്ക്ക് തെളിവാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സമീപകാലത്ത് കേരളം കേട്ട ഏറ്റവും വലിയ തമാശയാണ്. സ്വന്തം അടിത്തറ ഇളകുമ്പോള്‍ കാലങ്ങളായി സിപിഐഎം ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയെ വാരിപ്പുണരും. പരാജയം തുറിച്ചു നോക്കുമ്പോഴാണ് വാര്‍ഗീയ കാര്‍ഡ് സിപിഐഎം ഇറക്കുന്നത്. കോണ്‍ഗ്രസിന് ബിജെപിയുമായി ഏതെങ്കിലും വിദൂര ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുമോ. അതിന് അദ്ദേഹത്തെ താന്‍ വെല്ലുവിളിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

Top