സ്വര്‍ണക്കടത്ത്; കാക്കി കുപ്പായക്കാര്‍ ഇപ്പോഴും ശക്തിമാന്‍മാരായി നില്‍ക്കുകയാണെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ കേരള പൊലീസിനെതിരെ ആരോപണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത് കേരള പൊലീസാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

സംസ്ഥാനത്തെ പൊലീസ് സംവിധാനം പൂര്‍ണ്ണമായും ജീര്‍ണ്ണിച്ചിരിക്കുകയാണ്. ആഭ്യന്തരവകുപ്പ് ഇതുപോലെ അധഃപതിച്ച ഒരു കാലഘട്ടമുണ്ടായിട്ടില്ല. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സഹായകരമായ നിലപാടാണ് പൊലീസിന്റേത്. പൊലീസിന്റെ തലപ്പത്തെ പല ഉന്നതര്‍ക്കും ഈ തട്ടിപ്പുസംഘവുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു

സംസ്ഥാനത്തിനകത്ത് നിന്നും പോലീസിന്റെ പിന്തുണയില്ലാതെ ഈ കേസിലെ പ്രതികള്‍ക്ക് കേരളം വിടാനാവില്ലെന്നും അവര്‍ക്ക് കേരളം വിടാന്‍ എല്ലാ സഹായവും ചെയ്ത കാക്കികുപ്പായക്കാര്‍ ഇപ്പോഴും മുഖ്യമന്ത്രിയുടെ സഹായത്തോടെ ശക്തിമാന്‍മാരായി നില്‍ക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരായ നിരവധി തെളിവുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെയാണ് നാലുവര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായത്. യു.എ.ഇ. കോണ്‍സുലേറ്റ് ജനറലിന് ഗണ്‍മാനെ അനുവദിച്ച ഡി.ജി.പി.യുടെ നടപടിയും ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സമാന കുറ്റത്തിന്റെ പേരിലാണ് സസ്പെന്റ് ചെയ്തത്. അതിനാല്‍ എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ച ഡി.ജി.പി.യെ സസ്പെന്റ് ചെയ്യുകയും ഡി.ജി.പിയുടെ പങ്ക് എന്‍.ഐ.എ. പ്രത്യേകമായി അന്വേഷിക്കുകയും വേണം.

ഡി.ജി.പി. നേരിട്ട് നിയമിച്ച ഗണ്‍മാന് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടോയെന്ന് എന്‍.ഐ.എയും കസ്റ്റംസും പരിശോധിച്ചു വരികയാണെന്നും സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കവെ യു.എ.ഇ. അറ്റാഷെ പൊടുന്നനെ അപ്രത്യക്ഷമായത് സംശയാസ്പദമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Top