രാജി അറിയിച്ച് മുല്ലപ്പള്ളി; യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് നടക്കുന്ന യു.ഡി.എഫ്. യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും. കെ.പി.സി.സി. അധ്യക്ഷനെന്ന നിലയിലായിരുന്നു അദ്ദേഹം യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്. രാജി അറിയിച്ചതിനാല്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് രമേശ് ചെന്നിത്തലയേയും മുല്ലപ്പള്ളി അറിയിച്ചിട്ടുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ തോല്‍വിയെ അഭിമുഖീകരിക്കേണ്ടി വന്നതോടെ വലിയ വിമര്‍ശനമായിരുന്നു മുല്ലപ്പള്ളിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉയര്‍ന്നത്. അധ്യക്ഷസ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മുല്ലപ്പള്ളി രാജി സന്നദ്ധത അറിയിച്ചതായി രമേശ് ചെന്നിത്തല തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരന്‍, പി.ടി. തോമസ് എന്നിവരുടെ പേരുകള്‍ക്കാണ് ഇപ്പോള്‍ മുന്‍തൂക്കമുള്ളത്. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വി.ഡി. സതീശനെ പരിഗണിച്ചത് പോലെ മുതിര്‍ന്ന നേതാക്കളെ കേള്‍ക്കാതെ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കില്ലെന്ന പ്രതീക്ഷയിലാണ് എ, ഐ ഗ്രൂപ്പുകളുള്ളത്.

 

Top