അദാനിയുമായുള്ള ബന്ധം പിണറായി വിശദീകരിക്കണമെന്ന് മുല്ലപ്പള്ളി

കണ്ണൂര്‍: 300 മെഗാവാട്ട് വൈദ്യുതി കൂടിയ വിലയ്ക്ക് അദാനിയില്‍ നിന്ന് വാങ്ങാനുള്ള കരാറിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണൂരില്‍ അദാനി എത്തിയത് പിണറായി വിജയനെ കാണാനാണ്. ഗൗതം അദാനിയുമായി ഉള്ള ബന്ധം എന്താണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

സഹസ്രകോടീശ്വരന്‍മാരുടെ ക്യാപ്റ്റനാണ് പിണറായി വിജയന്‍. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ആരും അല്ല പിണറായിയെന്നും പിആര്‍ ഏജന്‍സികള്‍ നല്‍കിയ പേരാണ് ക്യാപ്റ്റനെന്നും മുല്ലപ്പള്ളി ആരോപിച്ചു. ബോംബ് പൊട്ടാന്‍ പോകുന്ന കാര്യം പറഞ്ഞത് പിണറായി വിജയനാണ്. വൈദ്യുതി കരാറില്‍ പൊട്ടിയത് വലിയ ബോംബ് തന്നെയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

തലശ്ശേരിയില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ആര്‍എസ്എസുകാരനാണ്. ബിജെപി പത്രിക തള്ളുന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്ത കാര്യം ആണ്. അതില്‍ തന്നെ അന്തര്‍ധാര സജീവമാണ്. ഇടതു സ്ഥാനാര്‍ത്ഥി ജയം ഉറപ്പിക്കാനുള്ള തന്ത്രങ്ങള്‍ നടപ്പാക്കിയതിന്റെ ഭാഗമായാണ് തലശ്ശേരിയില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥി ഇല്ലാതായതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

 

Top