മാറിനില്‍ക്കുകയല്ല, കോടിയേരി രാജി വെയ്ക്കണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ രാജി വെയ്ക്കണമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അദ്ദേഹത്തിന്റെ താല്‍ക്കാലികമായ വിശ്രമത്തിനോ ചികിത്സയ്ക്കോ ഉള്ള അവധിയല്ല കേരളം ആവശ്യപ്പെടുന്നത്. താല്‍ക്കാലികമായ അവധിയില്‍ പ്രവേശിക്കാനുള്ള സാഹചര്യമെന്താണെന്നും മുല്ലപ്പള്ളി ചോദിച്ചു.

അവസാനം വരെ പിടിച്ചുനില്‍ക്കാനുള്ള വിഫലശ്രമം കോടിയേരി നടത്തുകയുണ്ടായി. കോടിയേരിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുമുണ്ടായിരുന്നു. പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റി യോഗം വിളിച്ചപ്പോഴും ധാര്‍മിക ഉത്തരവാദിത്തം എറ്റെടുത്ത് രാജിവെക്കാന്‍ കോടിയേരിയോട് ആവശ്യപ്പെട്ടില്ല.

അവസാനം ഗതികെട്ടാണ് അവധിയില്‍ പ്രവേശിച്ചു എന്ന ന്യായം പറഞ്ഞുകൊണ്ട് കോടിയേരി താല്‍ക്കാലികമായെങ്കിലും രാജി സമര്‍പ്പിക്കാന്‍ തയ്യാറായത്. അന്താരാഷ്ട്രമാനമുള്ള മയക്കുമരുന്നു കേസോ സ്വര്‍ണക്കടത്തു കേസോ ഇതുകൊണ്ടൊന്നും പരവതാനിക്കുള്ളില്‍ മറയ്ക്കാമെന്ന് സി.പി.എം. കരുതുന്നെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റി. ഇത് ഒരു ആരംഭം മാത്രമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു

Top