അനുവാദം വാങ്ങി പോയി കാണേണ്ട ഗതികേടില്ല, കെ സുധാകരനെതിരെ തുറന്നടിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ തുറന്നടിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. താന്‍ ഫോണ്‍ എടുക്കുന്നില്ലെന്ന കെ. സുധാകരന്റെ വാദം അടിസ്ഥാനരഹിതമാണെന്നും മുതിര്‍ന്ന ഒരു നേതാക്കള്‍ക്ക് ആര്‍ക്കും അങ്ങനെ ഒരു പരാതിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

എല്ലാവരും ആദരിക്കുന്ന നേതാവാണ് വി എം സുധീരന്‍. അദ്ദേഹത്തിന്റെ അഭിപ്രായം കേള്‍ക്കാതെ മുന്നോട്ടുപോകാനാവില്ല. എല്ലാ മുതിര്‍ന്ന നേതാക്കളെയും ചേര്‍ത്തുപിടിച്ചു മാത്രമെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാവൂ. സംഘടനയില്‍ അച്ചടക്കം വേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാത്രമല്ല, ഒരു കെപിസിസി അധ്യക്ഷനെ മുന്‍കൂട്ടി അനുവാദം വാങ്ങി പോയി കാണേണ്ട ഗതികേട് തനിക്കില്ലെന്നും മുല്ലപ്പള്ളി തുറന്നടിച്ചു. അങ്ങനെ വന്നാല്‍ അദ്ദേഹത്തെ കാണുന്ന അവസാന ആളായിരിക്കും താനെന്നും, എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ, യോഗത്തിന് വിളിച്ചാല്‍ നേതാക്കള്‍ എത്താറില്ലെന്നും, മുല്ലപ്പള്ളി രാമചന്ദ്രന്‍ ഫോണെടുക്കാത്തതിനാല്‍ അദ്ദേഹവുമായി ഇപ്പോള്‍ സംസാരിക്കാറില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് മുല്ലപ്പള്ളി രംഗത്തെത്തിയത്.

Top