സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുല്ലപ്പള്ളി

വടകര: സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമാണ് കാണുന്നതെന്നും, ബി.ജെ.പി-സി.പി.എം അവിശുദ്ധ കൂട്ടുകെട്ടിനെ സംശയിക്കേണ്ടി വരുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡല്‍ഹിയില്‍ വെച്ച് അവര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ശിവശങ്കര്‍ പുറത്ത് വരാനിരിക്കുകയാണ്. എങ്ങനെയാണ് അദ്ദേഹം കേസില്‍ നിന്നും രക്ഷപ്പെടുന്നത് എന്ന് കേരള പൊതു സമൂഹം ചിന്തിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

അന്വേഷണ ഏജന്‍സികളില്‍ വിശ്വാസമുണ്ട്. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ കേസ് മുന്നോട്ട് പോവാത്ത അവസ്ഥയാണുള്ളത്. അന്വേഷണം മരവിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി പറയുന്നത് അനുസരിക്കുക എന്നതാണ് ഞാന്‍ ചെയ്യുന്നത്. പാര്‍ട്ടി ഇപ്പോള്‍ ആവശ്യപ്പെടുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒരുമിച്ച് കൊണ്ടുപോവുക എന്നതാണ്. ബാക്കി കാര്യങ്ങളെല്ലാം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. മറിച്ചുള്ള വാര്‍ത്തകളെല്ലാം അസത്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടി എവിടെ നിന്നാലും വിജയിച്ചു കയറും. അതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സംശയമില്ല. കുഞ്ഞാലിക്കുട്ടി മത്സരിക്കണോ എം.പി സ്ഥാനം രാജിവെക്കണോയെന്ന കാര്യത്തിലെല്ലാം തീരുമാനം എടുക്കേണ്ടത് ലീഗാണ്. അതില്‍ കോണ്‍ഗ്രസ് ഇടപെടുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Top