ലതിക സുഭാഷ് അടഞ്ഞ അധ്യായമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ലതിക സുഭാഷ് അടഞ്ഞ അധ്യായമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎമ്മും ലതിക സുഭാഷുമായുള്ള ബന്ധത്തെ കുറിച്ച് കോട്ടയത്ത് പറയുമെന്നും രാജ്യത്തെ മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു. വിജയമായിരുന്നു പട്ടികയുടെ മാനദണ്ഡമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസ് ഏകാധിപത്യ പാര്‍ട്ടിയല്ല. 55 ശതമാനം പുതുമുഖങ്ങളെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാക്കി. ഇക്കാര്യത്തില്‍ സോണിയ ഗാന്ധി അതീവ ജാഗ്രത കാണിച്ചു. എ കെ ആന്റണി നാളെ മുതല്‍ കേരളത്തില്‍ ക്യാമ്പ് ചെയ്യുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ഓഖിയില്‍ മുഖ്യമന്ത്രി പകച്ചു പോയി. പെട്ടിമുടിയില്‍ ദുരന്തം ഉണ്ടായപ്പോള്‍ ആദ്യമെത്തിയത് കോണ്‍ഗ്രസുകാരാണ്.

അക്രമരഹിതമായ കേരളമാണ് യുഡിഎഫിന്റെ മുദ്രാവാക്യമെന്നും മുല്ലപ്പള്ളി പറഞ്ഞു. നേമം കേരളത്തിന്റെ ഗുജറാത്താണെന്ന് പറഞ്ഞത് ഏറ്റവും അപകടരമായ പ്രസ്താവനയാണ്. ഫാസിസത്തിനെതിരെ പോരാടുന്നത് കോണ്‍ഗ്രസ് മാത്രമാണ്. പ്രസ്താവന ന്യൂനപക്ഷങ്ങളെ നൊമ്പരപ്പെടുത്തി. നേമം ഗുജറാത്താകാനാക്കില്ല. അതുകൊണ്ടാണ് പ്രഗത്ഭരായ സ്ഥാനാര്‍ത്ഥിയെ നേമത്ത് കോണ്‍ഗ്രസ് നിര്‍ത്തിയത്. കുമ്മനത്തെ പരാജയപ്പെടുത്താന്‍ സിപിഎം നിര്‍ത്തിയത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെയാണെന്നും അതില്‍ നിന്നും അവരുടെ അന്തര്‍ധാര മനസിലാക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശിച്ചു.

ഓഖി ദുരന്തത്തില്‍പ്പെട്ടവരുടെ മക്കള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സര്‍ക്കാര്‍ ജോലി നല്‍കും. ഇന്ന് വൈകുന്നേരം സ്ഥാനാര്‍ത്ഥി പ്രഖ്യാപന പൂര്‍ത്തിയാക്കുമെന്നും കെ സുധാരകന്റെ വാക്കുകള്‍ക്ക് എന്നും വില കൊടുക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ധര്‍മ്മടത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പിന്തുണ നല്‍കാന്‍ സാധ്യതയുണ്ടെന്നും ഇക്കാര്യം യുഡിഎഫ് ആലോചിച്ച് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top